മരത്തടിപ്പാലങ്ങൾ മടുത്തു; പാലിയാണക്കടവിൽ പാലം വേണം
Mail This Article
പടിഞ്ഞാറത്തറ ∙ പുതുശ്ശേരിക്കടവ് തേർത്തുകുന്ന് പാലിയാണക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കാൽ നൂറ്റാണ്ടായി ഈ ആവശ്യത്തിനു വേണ്ടി ശ്രമിക്കുകയാണെന്നും ഇതുവരെ നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്. പാലം യാഥാർഥ്യമായാൽ പടിഞ്ഞാറത്തറ–വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കാനുള്ള എളുപ്പ മാർഗമാകും ഇത്.
ഒട്ടേറെ കുടുംബങ്ങൾക്ക് പടിഞ്ഞാറത്തറ, മാനന്തവാടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ നിലവിൽ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കണം. യാത്രാ ദുരിതം പതിവായതിനാൽ ഇവിടെ മരത്തടികൾ ഉപയോഗിച്ച് നാട്ടുകാർ താൽക്കാലിക പാലം നിർമിക്കും. എന്നാൽ മഴക്കാലത്ത് ഇത് ഒലിച്ചു പോകുന്നതും വഴി മുടങ്ങുന്നതും പതിവാണ്.
കൃഷി ആവശ്യത്തിനും വിദ്യാലയങ്ങളിലേക്കും അടക്കം നൂറു കണക്കിന് ആളുകൾ ഇപ്പോൾ ഏറെ ചുറ്റി വളഞ്ഞ് സഞ്ചരിച്ചാണ് ലക്ഷ്യ സ്ഥാനത്ത് എത്തുന്നത്. പുഴയ്ക്കു സമാന്തരമായി പടിഞ്ഞാറത്തറ പഞ്ചായത്തിൽ പുതുശ്ശേരിക്കടവ്–കക്കടവ് റോഡും വെള്ളമുണ്ട പഞ്ചായത്തിൽ തരുവണ–പരുത്തിയാട് കുന്ന് റോഡും പോകുന്നുണ്ട്. പാലം യാഥാർഥ്യമായാൽ ഈ റോഡുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ട് യാത്രാ സൗകര്യം ഏറും. പാലത്തിനു വേണ്ടിയുള്ള ഏറെ നാളത്തെ കാത്തിരിപ്പ് തുടരുന്നതിനിടെ ഇവിടെ നിന്ന് ഏറെ മാറി പാലം നിർമിക്കാനുള്ള തയാറെടുപ്പ് നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു. അവിടെ ജനവാസ കേന്ദ്രം അല്ല എന്നും പാലം അവിടേക്കു മാറ്റാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും നാട്ടുകാർ പറയുന്നു.