മദപ്പാടുള്ള കാട്ടാന നാട്ടിലുണ്ട്; സൂക്ഷിക്കുക!! പ്രദേശത്ത് രാത്രി ഇരുചക്ര വാഹനയാത്ര ഒഴിവാക്കണമെന്ന് വനപാലകർ
Mail This Article
പന്തല്ലൂർ ∙ മദപ്പാടുമായി അലയുന്ന കാട്ടാന നാട്ടിൽ ഭീതി പടർത്തുന്നു.പന്തല്ലൂരിനടുത്ത് ഏലിയാസ് കട ഭാഗത്താണ് കാട്ടാന വാഹനങ്ങളെ തുരത്തി ഭീതി പടർത്തുന്നത്. 4 ദിവസം മുൻപാണ് വനം വകുപ്പിന്റെ റോന്ത് വാഹനം കാട്ടാന ആക്രമിച്ചത്. ഇപ്പോൾ ഏലിയാസ് കട ഭാഗത്തെ തേയില തോട്ടത്തിലാണ് കൊമ്പന്റെ താവളം.
ഇന്നലെ ഈ ഭാഗത്തെത്തിയ കട്ടക്കൊമ്പൻ, ബുള്ളറ്റ് തുടങ്ങി രണ്ട് കാട്ടാനകളെ ആക്രമിച്ച് തുരത്തി. ഏലിയാസ് കട ഭാഗത്ത് കാട്ടാന എത്തിയതോടെ വനം വകുപ്പ് ജീവനക്കാർ കാട്ടാനയെ നിരീക്ഷിച്ചു തുടങ്ങി. ഗൂഡല്ലൂർ -ബത്തേരി റോഡിലാണ് ഇറങ്ങി ആക്രമണം നടത്തുന്നത്. ഇന്നലെ ഈ ഭാഗത്തിറങ്ങിയ ആനക്കൂട്ടത്തിനൊപ്പം കുറച്ച് നേരം കൊമ്പനെ കണ്ടിരുന്നു.
കൊമ്പൻ മറ്റ് കാട്ടാനകളെ ആക്രമിക്കാൻ ശ്രമിച്ചതോടെ ആനക്കൂട്ടം മലമുകളിലേക്ക് കയറിപ്പോയി. കൊമ്പന്റെ കണ്ണിന്റെ ഭാഗത്തായി മദപ്പാടിൽ നിന്നും മദജലം ഒലിച്ചിറങ്ങുന്നുണ്ട്. ഭക്ഷണവും വിശ്രമവുമില്ലാതെ കാട്ടാന കണ്ണിൽ കണ്ടതെല്ലാം തകർക്കുന്നുണ്ട്. പ്രധാന റോഡരികിലാണ് കാട്ടാന നിൽക്കുന്നത്. ഇതു വഴി കടന്നു പോകുന്ന വാഹനങ്ങൾ വഴിയരികിൽ നിർത്തരുത്. രാത്രി ഇരുചക്ര വാഹനയാത്ര കഴിവതും ഒഴിവാക്കണമെന്നും വനപാലകർ അറിയിച്ചു.