പാടിവയലും നസ്രാണിക്കാടും കാട്ടാന ഭീതിയിൽ
Mail This Article
വടുവൻചാൽ ∙ റോഡ് കുറുകെ കടന്നെത്തി കൃഷികൾ നശിപ്പിച്ച് കാട്ടാനകൾ. ഭീതിയിൽ പാടിവയലും നസ്രാണിക്കാടും. കഴിഞ്ഞ ദിവസമാണ് പാടിവയൽ നസ്രാണിക്കാടിലെ സ്വകാര്യ തോട്ടങ്ങളിൽ 3 കാട്ടാനകൾ ഒന്നിച്ചെത്തി കൃഷിയിടങ്ങളിൽ വ്യാപക നാശമുണ്ടാക്കിയത്. രാത്രിയോടെയാണ് ആനയിറങ്ങിയത്. കാട്ടിൽ നിന്നിറങ്ങി റോഡ് കടന്നെത്തിയ കാട്ടാനകൾ മണിക്കൂറോളം കൃഷിയിടത്തിലുണ്ടായിരുന്നു. പ്രദേശത്തെ താമസക്കാരും സ്വകാര്യ തോട്ടങ്ങളിലടക്കം ജോലിക്ക് പോകുന്നവരടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്.
കാടും റോഡും കടന്ന്
രാത്രിയും പകലും വ്യത്യസമില്ലാതെ വാഹനങ്ങൾ പോകുന്ന മേപ്പാടി–വടുവൻചാൽ റോഡിലെ പാടിവയൽ ഭാഗത്ത് കുറുകെ കടന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടത്തിലേക്കും എത്തുന്നത്. ഇരുട്ടു വീഴുന്നതോടെ സ്വകാര്യ കൃഷിയിടങ്ങളിലേക്ക് കാട്ടാനകളെത്തും. ഇന്നലെ റോഡ് കുറുകെ കടക്കുന്ന സമയത്ത് ഇരുചക്ര വാഹനങ്ങളെല്ലാം റോഡിലൂടെ പോകുന്നുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. പിന്നെ തോട്ടങ്ങളിലെ കാപ്പി, കവുങ്, ഏലം, തെങ്ങ് തുടങ്ങി എല്ലാ കൃഷികളും വ്യാപകമായി നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ എത്തിയ 3 കാട്ടാനകൾ ഇന്നലെ രാവിലെ ആറരയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.
രാത്രി വീണ്ടുമെത്തി
രാവിലെ മടങ്ങിയ കാട്ടാനകൾ ഇന്നലെ ഇരുട്ട് വീണതോടെ വീണ്ടും തിരിച്ചെത്തി. കൃഷിയിടങ്ങളിലെത്തിയ കാട്ടാനകൾ രാത്രി വൈകിയും മടങ്ങിയിട്ടില്ല. ആനയടക്കമുള്ളവ നിരന്തരം കൃഷിയിടങ്ങളിലേക്ക് എത്തുമ്പോഴും വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പരാതികളുയരുമ്പോൾ ആനകളെ വനംവകുപ്പ് ഒാടിക്കാറുണ്ടെങ്കിലും അടുത്ത ദിവസമോ മണിക്കൂറുകൾക്കുള്ളിലോ അവ തിരിച്ചെത്തി വീണ്ടും കൃഷി നശിപ്പിക്കുകയാണ്.