ADVERTISEMENT

കൽപറ്റ/ബത്തേരി/മാനന്തവാടി ∙ തിരഞ്ഞെടുപ്പിലെ കന്നി പോരാട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് ലോക്സഭയിലേക്കയച്ച വോട്ടർമാർക്കു നന്ദി പറയാൻ പ്രിയങ്ക ഗാന്ധി എംപി ജില്ലയിലെത്തി. മാനന്തവാടി, ബത്തേരി, കൽപറ്റ എന്നിവിടങ്ങളിൽ നടന്ന സ്വീകരണയോഗങ്ങളിൽ അവർ പങ്കെടുത്തു. മൂന്നു കേന്ദ്രങ്ങളിലും വൻ ജനാവലിയാണു പ്രിയങ്ക ഗാന്ധിയെ കാത്തിരുന്നത്.

മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ജില്ലയിലെ ചെറിയൊരു പ്രദേശത്തു മാത്രമാണ് ദുരന്തമുണ്ടായത്. വയനാട് സുരക്ഷിതമാണെന്ന സന്ദേശം ലോകത്തിനു നൽകണം. ഒന്നര വർഷങ്ങൾക്കു മുൻപ് ഇതേ ദുരിതങ്ങൾ അനുഭവിക്കുന്ന ജനങ്ങൾ ഹിമാചൽപ്രദേശിൽ ഉണ്ടായിരുന്നു. അവിടെ കോൺഗ്രസ് സർക്കാർ ആയിരുന്നതിനാൽ പുനരധിവാസത്തിനു കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല. വയനാട്ടിലും കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല.

വയനാട് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാരോട് നന്ദി പറയുന്നതിനായി മാനന്തവാടിയിൽ എത്തിയ പ്രിയങ്ക ഗാന്ധി എംപിക്ക് പൂവ് നൽകുന്ന കുട്ടി. ചിത്രം: മനോരമ
വയനാട് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാരോട് നന്ദി പറയുന്നതിനായി മാനന്തവാടിയിൽ എത്തിയ പ്രിയങ്ക ഗാന്ധി എംപിക്ക് പൂവ് നൽകുന്ന കുട്ടി. ചിത്രം: മനോരമ

ജനങ്ങൾക്കിടയിൽ വിഭാഗീയതയും അകൽച്ചയും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിനെതിരെയാണ് നമ്മൾ പോരാടുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ ഭരണഘടനയെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്തുന്നു– പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാവർക്കും നമസ്കാരം എന്നു മലയാളത്തിൽ പറഞ്ഞുകൊണ്ടാണു പ്രസംഗം ആരംഭിച്ചത്. പ്രചാരണത്തിനിടെ കണ്ട ജോണി എന്ന കർഷകനെയും ഹോം സ്റ്റേ നടത്തുന്ന ചെറുപ്പക്കാരിയെയും ദുരന്തത്തിൽ മുത്തശ്ശി ഒഴികെ എല്ലാവരെയും നഷ്ടപ്പെട്ട മുഹമ്മദ് ഹാനിയെയും പ്രിയങ്ക ഓർത്തെടുത്തു. 

നിങ്ങൾ കാണിക്കുന്ന സ്നേഹം എന്റെ ജീവിതത്തിലെ സൗഭാഗ്യമാണ്.– അവർ പറഞ്ഞു. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും രാത്രി യാത്രാ നിരോധനവും വയനാട് നേരിടുന്ന പ്രശ്നങ്ങളാണ്. ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെയും അതിജീവിക്കണം. ഇതെല്ലാം നേരിടുന്നതിനായി രാഹുൽ ഗാന്ധി നടത്തിയ പോരാട്ടങ്ങൾ തുടരും. ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണം– പ്രിയങ്ക ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ ആവശ്യങ്ങൾക്കു വേണ്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതലച്ച സംസ്ഥാന സർക്കാർ നടപടി ക്രൂരമാണ്. പുനരധിവാസം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും പ്രിയങ്ക പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് കഠിനാധ്വാനം ചെയ്ത യുഡിഎഫ് പ്രവർത്തകർക്ക് പ്രിയങ്ക നന്ദി പറഞ്ഞു. യുഡിഎഫ് പ്രവർത്തകരുടെയും വോട്ട് ചെയ്ത എല്ലാവരുടെയും സ്നേഹത്തെ പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നു. മലയാളം പഠിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആദിവാസി സഹോദരങ്ങൾ നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. വിളകൾക്ക് കൃത്യമായ വില ലഭിക്കാത്തതിനാലും വന്യജീവിശല്യം മൂലവും കർഷകർ കഷ്ടപ്പെടുന്നു. മെഡിക്കൽ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്ത ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം. ഇനിയും ഒരുപാടു തവണ വരുമെന്നും എന്നെ കണ്ട് നിങ്ങൾക്കു ശീലമാകുമെന്നു പറഞ്ഞാണു പ്രിയങ്ക ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.

മാനന്തവാടിയിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ പടയൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ എൻ.കെ. വർഗീസ്, എ.എം. നിഷാന്ത്, പി.കെ. ജയലക്ഷ്മി എം.ജി ബിജു, എം.സി. സെബാസ്റ്റ്യൻ, കെ.എൽ. പൗലോസ് എന്നിവർ പ്രസംഗിച്ചു. ബത്തേരിയിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഡി.പി രാജശേഖരൻ അധ്യക്ഷനായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, കെ.ഇ. വിനയൻ, എം.വി. ഉലഹന്നാൻ, എൻ.എം. വിജയൻ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയങ്കാവിൽ, നിഷി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, ഹാരിസ്, ബാബു പഴുപ്പത്തൂർ, സതീഷ് പൂതിക്കാട് എന്നിവർ പ്രസംഗിച്ചു. കൽപറ്റയിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ അധ്യക്ഷനായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എംഎൽഎ, കോ ഓർഡിനേറ്റർമാരായ ടി. സിദ്ദീഖ് എംഎൽഎ, ഐ.സി ബാലകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, ജനറൽ കൺവീനർ പി.ടി. ഗോപാലക്കുറുപ്പ്, സന്ദീപ് വാരിയർ തുടങ്ങിയവർ പങ്കെടുത്തു.

മർദനമേറ്റ യൂത്ത് കോൺഗ്രസുകാരെ ഫോണിൽ വിളിച്ച് പ്രിയങ്ക
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ ലാത്തിചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി എംപി. പരുക്കേറ്റ ജില്ലാ പ്രസിഡന്റ് അമൽ ജോയിയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി പരുക്കുകളെക്കുറിച്ച് ചോദിക്കുകയും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വയനാട്ടിൽ തിരിച്ചെത്തുമ്പോൾ നേരിട്ട് കാണാമെന്നും പറഞ്ഞാണ് പ്രിയങ്ക ഗാന്ധി സംഭാഷണം അവസാനിപ്പിച്ചത്. അമൽ ജോയിയെ കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, സംസ്ഥാന ജനറൽ സെക്രട്ടറി സി.എ.അരുൺദേവ്, ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അടക്കം 50 പ്രവർത്തകർക്കാണ് ലാത്തിചാർജിൽ പരുക്കേറ്റത്.

English Summary:

Priyanka Gandhi MP visited Wayanad, expressing solidarity with victims of the Mundakkai-Chooralmala landslide and criticizing the government's slow response. She promised support for rehabilitation efforts, addressed local concerns, and thanked voters for their support.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com