മഴ: വിളവെടുപ്പിന് സഡൻബ്രേക്ക്; നെല്ല്, കാപ്പി, അടയ്ക്കാ വിളവെടുപ്പ് പ്രതിസന്ധിയിലായി
Mail This Article
പുൽപള്ളി ∙കാർഷിക മേഖലയിൽ വിളവെടുപ്പു സജീവമായപ്പോൾ വിനയായി മഴ കനക്കുന്നു. അപ്രതീക്ഷിത സമയത്താണ് ന്യൂനമർദ മഴ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലും പെയ്തുതുടങ്ങിയത്. കാപ്പി, നെല്ല്, അടയ്ക്കാ തുടങ്ങി എല്ലാവിളകളുടെയും വിളവെടുപ്പ് നിർത്തിവയ്ക്കാൻ കർഷകർ നിർബന്ധിതരായി. കഴിഞ്ഞദിവസങ്ങളിൽ വിളവെടുത്ത കാപ്പിയും മറ്റും മഴ നനയാത്ത സ്ഥലത്ത് കൂട്ടിവച്ചു. വെയിൽ കാണാതെ ഇനി നിരത്തിയിടാനാവില്ല. ഒരാഴ്ചയെങ്കിലും നല്ലവെയിലുണ്ടായാലേ കാപ്പിക്കുരു ഉണങ്ങിയെടുക്കാനാവൂ.
ന്യൂനമർദ മഴ നീണ്ടാൽ ഉൽപന്നങ്ങൾക്ക് വൻനാശമുണ്ടാകും. പാടങ്ങൾ കൊയ്ത്തിനു പാകമായിട്ടു ദിവസങ്ങളായി. മഴ നീണ്ടാൽ നെല്ല് വീണുപോകുമെന്ന് കർഷകർ പറയുന്നു. പാടത്ത് വെള്ളമുള്ളതിനാൽ യന്ത്രങ്ങളിറക്കി കൊയ്ത്ത് നടത്താനാവില്ല. കബനിക്കരയിലെ മരക്കടവ് പാടത്ത് കഴിഞ്ഞ പുഞ്ചക്കൃഷിയിൽ വൻനാശമുണ്ടായി. കൊയ്ത്തു സമയത്തു പെയ്തമഴയിൽ പാടങ്ങൾ മുങ്ങി. തൊഴിലാളികളെയിറക്കി കതിരുകൾ മാത്രം കഷ്ടിച്ച് കൊയ്തെടുത്തവരും നെല്ലും വൈക്കോലും പൂർണമായി നഷ്ടപ്പെട്ടവരുമുണ്ട്.
കൊയ്ത്തുയന്ത്രങ്ങൾ പാടത്ത് താഴ്ന്നതിനാൽ വാഹനമെത്തിച്ചു വലിച്ചുകയറ്റേണ്ടി വന്നു. വലിയപാടമായ ചേകാടിയിൽ ഗന്ധകശാലയടക്കമുള്ള നെല്ല് വിളഞ്ഞു. ഉയരം കൂടിയ നെല്ലിനമായതിനാൽ ഗന്ധകശാല വീണുതുടങ്ങി. ഇവിടെയും യന്ത്രമിറക്കി കൊയ്ത്ത് നടത്താനാവാത്ത അവസ്ഥയുണ്ട്. തൊഴിലാളികളെ വച്ച് കൊയ്ത്തുമെതി നടത്താനാവില്ലെന്നു കർഷകർ പറയുന്നു. അടയ്ക്കാ വിളവെടുപ്പിനെയും മഴ പ്രതികൂലമായി ബാധിച്ചു. നനഞ്ഞ മരത്തിൽ കയറുന്നത് അപകടകരമാണ്. കർണാടകയിലടക്കം മഴയുള്ളതിനാൽ അവിടേക്കുള്ള ചരക്കുനീക്കവും നിർത്തിവച്ചു. കർഷകരിൽനിന്നു ചെറുകിട വ്യാപാരികൾ വാങ്ങുന്ന അടയ്ക്കാ വൈകാതെ കർണാടകയിലെ സംസ്കരണ ശാലകളിലേക്കാണ് കയറ്റിവിടുന്നത്. മഴയുള്ളതിനാൽ സംസ്കരിച്ച ഉൽപന്നങ്ങൾ ഉണങ്ങാനാവുന്നില്ല.