ഇന്ന് കടം, നാളെയും കടം; ഓടിത്തളർന്ന് സ്പോർട്സ് ഹോസ്റ്റലുകൾ
Mail This Article
കൽപറ്റ ∙കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വാക്ക് പാഴായതോടെ ജില്ലയിലെ സ്പോർട്സ് ഹോസ്റ്റലുകൾ (സ്പോർട്സ് അക്കാദമി) അടച്ചുപൂട്ടൽ ഭീഷണിയിൽ. ജില്ലയിൽ മുണ്ടേരി മരവയൽ, പുൽപള്ളി കോളറാട്ടുകുന്ന്, ബത്തേരി എന്നിവിടങ്ങളിലായി 3 സ്പോർട്സ് ഹോസ്റ്റലുകളാണുള്ളത്. മരവയലിൽ 43 കുട്ടികളും കോളറാട്ടുകുന്നിൽ 39 കുട്ടികളും ബത്തേരിയിൽ 21 കുട്ടികളുമാണുള്ളത്. മാസങ്ങളായി പണം ലഭിക്കാത്തതിനാൽ ഹോസ്റ്റലിലേക്കുള്ള സാധനങ്ങൾ നൽകുന്നത് ഇൗമാസം മുതൽ നിർത്തുമെന്ന് വ്യാപാര സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പലചരക്ക് കടയിൽ നിന്നു സാധനം വാങ്ങിയ വകയിൽ മാത്രം ലക്ഷങ്ങൾ നൽകാനുണ്ട്. 6 മാസമായി തുക നൽകിയിട്ട്. ഇത്രയും വലിയ തുക കിട്ടാനുള്ളതിനാൽ പുതിയ ചരക്കിറക്കുന്നതിനുൾപ്പെടെ കടക്കാർ പ്രതിസന്ധി നേരിടുകയാണ്. ഇറച്ചിക്കടകളിലും പാചകവാതക ഏജൻസികളിലും ലക്ഷങ്ങൾ നൽകാനുണ്ട്. ഇവരും വിതരണം നിർത്താനുള്ള ഒരുക്കത്തിലാണ്.മരവയലിലെ ഹോസ്റ്റലിലേക്കുള്ള പാചകവാതക വിതരണം ബുധനാഴ്ച മുതൽ നിർത്തിവയ്ക്കുമെന്ന് ഏജൻസി അറിയിച്ചിട്ടുണ്ട്.
പാലും മുട്ടയും മാംസവും ഉൾപ്പെടെ ഒരു കുട്ടിക്ക് 250 രൂപയുടെ ഭക്ഷണമാണു ദിവസവും നൽകേണ്ടത്. തുക കുടിശികയായതോടെ നിലവിൽ കുട്ടികൾക്ക് ഇൗ മെനു അനുസരിച്ചുള്ള ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. ഹോസ്റ്റൽ ഭക്ഷണത്തിനുള്ള തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 22ന് സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ താരങ്ങൾ രാപകൽ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.തുടർന്ന്, നവംബർ 30 നുള്ളിൽ മുഴുവൻ തുകയും അനുവദിക്കുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചതോടെ സമരം പിൻവലിച്ചു.
എന്നാൽ, തുക ഇന്നലെ വരെ ലഭ്യമായിട്ടില്ല. ഇതിനിടെ, 4 മാസമായി താൽക്കാലിക അധ്യാപകർക്കും ഹോസ്റ്റൽ വാർഡൻമാർക്കും പാചകക്കാർക്കും ശമ്പളവും ലഭിച്ചിട്ടില്ല. വാർഡന് 18225 രൂപയും കുക്കിനു 18,000 രൂപയും പരിശീലകർക്കു 25,000 രൂപയുമാണ് പ്രതിമാസ വേതനം. ശമ്പളം മുടങ്ങിയതോടെ ഇവരും പ്രതിസന്ധിയിലായി. ഹോസ്റ്റൽ വാർഡനാണ് സാധനങ്ങൾ വാങ്ങുന്നതിന്റെ ചുമതല.
കച്ചവടക്കാർ പണം ആവശ്യപ്പെട്ട് വാർഡൻമാരെയാണ് നിരന്തരം വിളിക്കുന്നത്. ശമ്പളം പോലും കിട്ടാത്ത ഇവർ എന്തുമറുപടി പറയണമെന്നറിയാതെ വലയുകയാണ്. പല ഹോസ്റ്റലുകളിലും വ്യാപാരികളുടെ കാരുണ്യം കൊണ്ടാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നത്. സ്ഥിരം ജീവനക്കാർ ശമ്പളം കിട്ടാതെ വന്നാൽ പണി മുടക്കുകയും പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുകയും ചെയ്യും. പിരിച്ചുവിടുമെന്ന ഭയത്താൽ താൽക്കാലിക ജീവനക്കാർ സമരത്തിനിറങ്ങാൻ മടിച്ചു നിൽക്കുകയാണ്. 10 മാസത്തേക്കായിരുന്നു ആദ്യം കരാർ ഏർപ്പെടുത്തിയിരുന്നത്.
പിന്നീട് അതു ചുരുക്കി 6 മാസമാക്കി. ഒരു വർഷത്തോളമായി ശമ്പളം മുടങ്ങുന്നുണ്ട്. ആദ്യമായാണ് 4 മാസമായി ശമ്പളം ലഭിക്കാതെ വരുന്നത്. ജീവിതം വഴിമുട്ടിയതോടെ ചിലർ മറ്റു ജോലികൾ തേടിപ്പോയി. അതേസമയം, ഹോസ്റ്റലുകൾ പൂട്ടിയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ് കായികതാരങ്ങൾ.