പൊട്ടിപ്പൊളിഞ്ഞ് പൊന്നട–ചൂരിയാറ്റ റോഡ്; പ്രദേശവാസികൾക്ക് ദുരിതയാത്ര
Mail This Article
കൽപറ്റ ∙ ഇവിടെ ഒരു റോഡുണ്ടായിരുന്നു എന്നു പറയേണ്ടുന്ന അവസ്‌ഥയിലാണ് പൊന്നട, ചൂരിയാറ്റ പ്രദേശവാസികൾ. പ്രക്ഷോഭങ്ങൾ ഒരുപാട് നടത്തിയിട്ടും പൊന്നട–ചൂരിയാറ്റ റോഡ് നവീകരിക്കുന്ന കാര്യത്തിൽ നഗരസഭ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മണിയങ്കോട് ജംക്‌ഷൻ മുതൽ കുഴികൾ തുടങ്ങും. കുറച്ചു ദൂരം മുന്നോട്ടു പോയാൽ നെടുനിലം ജംക്‌ഷനാണ്, അവിടെ മുതൽ റോഡെന്നു വിളിക്കാൻ പോലും സാധിക്കാത്ത തരത്തിലാണ് കുഴികൾ. മുൻപ് 5 ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടിൽ ഇപ്പോഴുള്ളത് ഒരു ബസാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം മിക്ക ദിവസങ്ങളിലും കട്ടപ്പുറത്താകും കുറച്ചു നാളുകൾ മാത്രം കെഎസ്ആർടിസി ബസ് ഓടിയെങ്കിലും പിന്നീടു സർവീസ് നിലച്ചു. റോഡ് പൂർണമായി തകർന്നതിനാൽ ടാക്സി വാഹനങ്ങൾ ഇതുവഴിയുള്ള ഓട്ടം നിർത്തി.
ഓട്ടം വന്നാൽ ഉയർന്ന കൂലിയാണ് ചോദിക്കുന്നത്. പ്രദേശവാസികളായ കുറച്ചു ഓട്ടോക്കാർ മാത്രമാണ് ആശ്രയം. പെട്ടെന്ന് ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കില്ല. ഗർഭിണികൾ അടക്കമുള്ള രോഗികളെ കുഴികൾ നിറഞ്ഞ റോഡിലൂടെ ആശുപത്രിയിൽ എത്തിക്കുന്നതിന്റെ അപകടം വേറെ. വാവാടി, മൈലാടി ക്വാറികളിൽ നിന്നുള്ള ടിപ്പർ ലോറികൾ റോഡിനു താങ്ങാനാവുന്നതിലും കൂടുതൽ ഭാരമുള്ള ലോഡുമായി പോകുന്നതു ദുരിതം ഇരട്ടിയാക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ക്വാറിപ്പൊടിയിട്ട് താൽക്കാലികമായി കുഴികൾ അടച്ചിരിക്കുകയാണിപ്പോൾ. കലക്ടർക്ക് അടക്കം പരാതി നൽകിയിട്ടും നടപടികളുണ്ടായിട്ടില്ല.നഗരസഭയ്ക്ക് പരാതി കൈമാറി എന്ന മറുപടിയാണ് അവിടെ നിന്നു ലഭിച്ചത്. 2 തവണയായി നഗരസഭ 30 ലക്ഷത്തോളം രൂപ പാസാക്കിയിട്ടുണ്ടെങ്കിലും ആ തുക അപര്യാപ്‌തമാണെന്ന് നാട്ടുകാർ പറയുന്നു. എൽഡിഎഫ് ഭരിക്കുന്ന വാർഡായതിനാലാണ് യുഡിഎഫ് നഗരസഭാ ഭരണസമിതി പ്രശ്‌നത്തിൽ ഇടപെടാൻ മടിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നു.