അപകടമോ, അതോ...? ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ദുരൂഹത
Mail This Article
ചുണ്ടേൽ ∙ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ കാപ്പുംകുന്ന് അബ്ദുൽ നവാസ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. അപകടം നടന്നതിന് പിന്നാലെ തന്നെ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. നല്ല വീതിയുള്ള നേർറോഡിലാണു അപകടം നടന്നത്. വളവുകളില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാനും കഴിയും. അപകടം നടന്ന സ്ഥലത്തിന് സമീപമായി ചെറിയ കയറ്റമാണ്. അമിത വേഗത്തിലാണ് സുമിൽഷാദ് ഓടിച്ച ജീപ്പ് കയറ്റം കയറി വന്നത്. ഇതിനു ദൃക്സാക്ഷികളുണ്ട്.
നേർദിശയിൽ പോയിരുന്ന ജീപ്പ് അപകടം നടന്ന സ്ഥലത്തിനു തൊട്ടുമുൻപ് എതിർദിശയിലേക്ക് വെട്ടിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ച് കയറ്റിയ നിലയിലായിരുന്നു ഓട്ടോറിക്ഷ. ജീപ്പോടിച്ചിരുന്ന സുമിൽഷാദിനു മരിച്ച നവാസുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. സുമിൽഷാദിന്റെ ഹോട്ടലിനു മുൻവശത്തായി നവാസിന് പലചരക്ക് കടയുണ്ടായിരുന്നു. ചുണ്ടേൽ ടൗണിൽ ഹോട്ടൽ നടത്തുന്ന സുമിൽഷാദ് എന്തിനാണു അപകടമുണ്ടായ സ്ഥലത്തേക്കെത്തിയതെന്നതിനു വ്യക്തതയില്ല. നവാസിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു സുമിൽഷാദ് ജീപ്പുമായി സ്ഥലത്തെത്തിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഒരു മണിക്കൂറോളം ഇയാൾ സമീപത്തെ പള്ളിക്ക് സമീപം ജീപ്പ് നിർത്തിയിട്ട് കാത്തുനിന്നതും മൊബൈൽ ഫോൺ റിങ് ചെയ്തതോടെ പെട്ടെന്ന് വാഹനമെടുത്ത് അമിത വേഗത്തിൽ പോവുന്നതും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. അപകടത്തിനു ശേഷം സുമിൽഷാദ് വാഹനത്തിൽ നിന്നിറങ്ങി ഫോൺ ചെയ്യുന്നതാണു അപകടത്തിനു തൊട്ടുപിന്നാലെയെത്തിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ കണ്ടത്. ഗുരുതരമായി പരുക്കേറ്റ നവാസിനെ ആശുപത്രിയിലെത്തിക്കാൻ സുമിൽഷാദ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഓടിക്കൂടിയ നാട്ടുകാർ നവാസിനെ പിന്നാലെയെത്തിയ വാഹനത്തിലേക്ക് കയറ്റുമ്പോളും സുമിൽഷാദ് ഇടപെട്ടില്ല.
ഫോൺകോൾ വന്നതിനു ശേഷമാണു സുമിൽഷാദ് ജീപ്പുമായി വേഗത്തിൽ പോയതെന്നും ചുണ്ടേലിൽ നിന്നു നവാസ് പുറപ്പെട്ടതായി ആരോ ഇയാളെ വിളിച്ചറിയിച്ചുണ്ടെന്നും ഇതാരാണെന്ന് ഉടൻ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സുമിൽഷാദിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സുമിൽഷാദിന്റെ ഉടമസ്ഥതയിൽ ചുണ്ടേൽ ടൗണിനു സമീപത്തെ ഹോട്ടൽ നാട്ടുകാർ അടിച്ചുതകർക്കുകയും ചെയ്തു.
നവാസിനെ കൊന്നതെന്ന് ബന്ധുക്കൾ
നവാസിനെ മനഃപൂർവം അപായപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ. അപകടം നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് സുമിൽഷാദും നവാസും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വാഹനങ്ങൾക്കു 100 മീറ്ററോളം ദൂരക്കാഴ്ച കിട്ടുന്ന മേഖലയിലാണ് അപകടമുണ്ടായതെന്നും അപകടത്തിനു തൊട്ടുമുൻപു ചുണ്ടേലിൽ സുമിൽഷാദ് ഏറെ നേരം കാത്തുനിൽക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും നവാസിന്റെ പിതൃസഹോദരൻ റഷീദ് പറഞ്ഞു. ഗൂഢാലോചനയിൽ മറ്റു ചിലർക്കു കൂടി പങ്കുണ്ട്. നവാസിനെ സംഭവസ്ഥലത്തേക്കു വിളിച്ചു വരുത്തിയതാണ്. അപകടം നടക്കുന്നതിന്റെ തലേദിവസം രാത്രിയിൽ സുമിൽഷാദിന്റെ ജീപ്പ് ചുണ്ടേൽ എസ്റ്റേറ്റിനുള്ളിലൂടെ പലതവണ പോയിട്ടുണ്ട്. ഇതിനും ദൃക്സാക്ഷികളുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പ്രതിയെ അറസ്റ്റു ചെയ്യണമെന്നും റഷീദ് ആവശ്യപ്പെട്ടു.