പൈപ്പ് ലൈൻ നിർമാണം വേഗത്തിലാക്കണമെന്ന് പഞ്ചായത്ത്
Mail This Article
മുള്ളൻകൊല്ലി ∙ ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ നിർമാണം ഇഴയുന്നത് നാട്ടിലെ റോഡുകളുടെ തകർച്ച സമ്പൂർണമാക്കുന്നു. ചെറുതും വലുതുമായ നാട്ടിലെ സകല റോഡുകളുടെയും ഇരുഭാഗത്തും വൻചാലുകളെടുത്ത് പൈപ്പിടുന്ന ജോലികൾ ഇനിയും പൂർത്തിയായില്ല. വാഹനഗതാഗതം തടസ്സപ്പെടുംവിധം റോഡുകൾ തകർന്നടിഞ്ഞു. പാതയോരത്തെ കുഴികളിൽ വാഹനങ്ങൾ വീണ് യാത്രക്കാർക്കു പരുക്കേൽക്കുന്നതും പതിവാകുന്നു. മഴ പെയ്താൽ ചെളിക്കുളമാകുന്ന പാതയിൽ എതിരെ വരുന്ന വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ താഴുന്നു. വെയിൽ തെളിഞ്ഞാൽ പൊടിശല്യവും രൂക്ഷമാകുന്നു.
മരക്കടവ്– പാടിച്ചിറ–പുൽപള്ളി, പെരിക്കല്ലൂർ–പുൽപള്ളി, പാടിച്ചിറ–സീതാമൗണ്ട് തുടങ്ങിയ പ്രധാനപാതകളെല്ലാം വൻചാലുകളും കുഴികളുമായി. അടുത്തിടെ നിർമിച്ച പാതകളും മാന്തിപ്പൊളിച്ചു. വ്യക്തികൾ നന്നാക്കിയിട്ടിരുന്ന ഭാഗവും കുഴിച്ചു. റോഡുകളുടെ തകർച്ചമൂലം സ്വകാര്യബസ് സർവീസുകൾ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിലാണ് ഉടമകളും ജീവനക്കാരും. പൈപ്പ് ലൈൻ നിർമാണം പൂർത്തിയാവാത്തതിനാൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പ്രധാനപാതകളുടെയും ഗ്രാമീണറോഡുകളുടെയും നിർമാണം മുടങ്ങിയിട്ടുണ്ട്.
സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാത്തതിനാൽ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.പൈപ്പ് ലൈൻ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ജല അതോറിറ്റിക്ക് കത്ത് നൽകി. തുടർനടപടികൾ വൈകിയാൽ ജനകീയ സഹകരണത്തോടെ സമരത്തിനിറങ്ങേണ്ടി വരുമെന്നും പ്രസിഡന്റ് പി.കെ.വിജയൻ അറിയിച്ചു.