വിപണിയിൽ ക്രിസ്മസ് എത്തി; എൽഇഡി തന്നെ ‘താരം’
Mail This Article
കൽപറ്റ ∙ നഗരത്തിൽ ജിംഗിൾ ബെൽസിന്റെയും കാരൾ ഗാനങ്ങളുടെയും അലയൊലികൾ കേട്ടു തുടങ്ങുകയാണ്. ഡിസംബർ ആദ്യവാരം മുതൽ തന്നെ സജീവമായി ക്രിസ്‌മസ് വിപണി. നഗരത്തിലെ കടകളിൽ ക്രിസ്‌മസ് ഉൽപന്നങ്ങൾ വിൽപനയ്ക്ക് എത്തിക്കഴിഞ്ഞു.
എൽഇഡി തന്നെ ‘താരം’
നക്ഷത്രങ്ങൾ തന്നെയാണ് കൂട്ടത്തിലെ ‘താരങ്ങൾ’. കുറച്ചു കാലങ്ങൾക്കു മുൻപ് വിപണി പിടിച്ചടക്കിയ എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. ക്രിസ്‌മസ് ട്രീയുടെയും ക്രിസ്‌മസ് പാപ്പയുടെയും രൂപത്തിൽ എൽഇഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയതിന് 800 നു മുകളിൽ പോകും. കാണുമ്പോൾ ഗ്ലാസു പോലെ തോന്നുന്ന സെറാമിക് എൽഇഡി നക്ഷത്രങ്ങളാണ് കൂട്ടത്തിലെ പുതുമുഖം. കൂടാതെ എൽഇഡി മാല ബൾബുകളുമുണ്ട്. സാധാരണ ഡിസൈൻ വിട്ട് പൂക്കളുടെയും ബോളിന്റെയും ആകൃതിയിലാണ് പുതിയ മാലബൾബുകൾ എത്തിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ സാധിക്കുന്ന എൽഇഡിയുടെ വരവോടെ കളമൊഴിഞ്ഞ പേപ്പർ നക്ഷത്രങ്ങളും കടകളിലുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്.
ക്രിസ്മസ് ട്രീയും പാപ്പയും ക്രിബ് സെറ്റും
നക്ഷത്രങ്ങളോടൊപ്പം തന്നെ ക്രിസ്‌മസ് ട്രീക്കും പുൽക്കൂടൊരുക്കാനുള്ള രൂപങ്ങൾ അടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. 200 രൂപ മുതലാണ് ക്രിസ്‌മസ് ട്രീകളുടെ വില ആരംഭിക്കുന്നത്. അത് 2000 വരെ പോകാം. സെറ്റുകൾക്ക് 200 മുതൽ 1500 രൂപ വരെയാണ് ഏകദേശ വില. ചുവന്ന നിറത്തിലുള്ള പാപ്പാ ഉടുപ്പിനും മുഖം മൂടിക്കും ആവശ്യക്കാർ ഇപ്പോഴില്ലെങ്കിലും ഡിസംബർ പകുതിയോടെ വിൽപന വർധിക്കും. 300 മുതൽ 1200 വരെയാണ് അവയുടെ വില.
കണ്ണുനട്ട് കേക്ക് വിപണി
സജീവമായിട്ടില്ലെങ്കിലും കേക്ക് വിപണിയും പ്രതീക്ഷയിലാണ്. പ്ലം കേക്കുകൾ തന്നെയാണ് പ്രധാനം. കിലോയ്ക്ക് 200 മുതൽ 350 രൂപ വരെ വിലയുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ കച്ചവടം വർധിക്കുമെന്നാണ് ചില വ്യാപാരികൾ പറയുന്നത്. എന്നാൽ ദുരന്തവും ടൂറിസം മേഖലയിലുണ്ടായ തളർച്ചയും ആളുകളുടെ വാങ്ങൽ ശേഷിയെ കുറച്ചേക്കാമെന്ന അഭിപ്രായവും വ്യാപാരികൾക്കിടയിലുണ്ട്.
ആർക്കും വേണ്ടാതെ ക്രിസ്‌മസ് കാർഡുകൾ
ക്രിസ്‌മസിന് ഒഴിച്ചുകൂടാനാവാത്ത ഉൽപന്നമായിരുന്ന ക്രിസ്‌മസ് കാർഡുകൾക്ക് ഇപ്പോൾ ആവശ്യക്കാർ തീരെയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സോഷ്യൽ മീഡിയ കാലത്ത് ക്രിസ്‌മസ് സന്ദേശങ്ങൾ അയയ്ക്കാൻ ആരും കാർഡുകൾ വാങ്ങി കഷ്‌ടപ്പെടില്ല. എന്നാൽ ക്രിസ്‌മസ് ഫ്രണ്ടിനും മറ്റും നൽകാൻ ചെറിയ കാർഡുകളും ചെറിയ പേപ്പർ നക്ഷത്രങ്ങളും ചിലർ വാങ്ങാറുണ്ട്.