കാരാപ്പുഴ ഡാമിൽ രാത്രികാല ടൂറിസം : നടപടി വൈകുന്നതിൽ സഞ്ചാരികൾക്ക് നിരാശ
Mail This Article
വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വൈകിട്ടോടെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഇതു ജില്ലയിലെത്തുന്ന സഞ്ചാരികളെ നിരാശപ്പെടുത്തുന്നുണ്ട്. രാത്രികാല ടൂറിസത്തിന് പറ്റുന്ന ഒട്ടേറെ പദ്ധതികൾ ജില്ലയിലുണ്ട്. അവയിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
അമ്പലവയൽ ∙ കാരാപ്പുഴ ഡാമിൽ രാത്രികാല ടൂറിസം ആരംഭിക്കാൻ നടപടി വൈകുന്നു. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും രാവിലെ തുറന്നു വൈകിട്ട് പ്രവേശനം അവസാനിപ്പിക്കുന്നവയാണ്. ഇതു വയനാട്ടിലെത്തുന്ന സഞ്ചാരികളെ നിരാശരാക്കിയ സാഹചര്യത്തിലാണു കാരാപ്പുഴയിൽ രാത്രികാല വിനോദസഞ്ചാരത്തിനു പദ്ധതിയൊരുങ്ങിയത്. രാത്രി 8 മണിവരെ സഞ്ചാരികളെ ഡാമിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു തീരുമാനം. വൈകിട്ടോടെ വിനോദസഞ്ചാരം അവസാനിപ്പിക്കേണ്ട അവസ്ഥയ്ക്കു തെല്ലൊരു പരിഹാരമായി വിഭാവനം ചെയ്ത പദ്ധതി പക്ഷേ, കാരാപ്പുഴ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തിൽ മാത്രമായി ഒതുങ്ങി.
രാത്രിയിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയാൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ജില്ലയിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്ക് രാത്രികാലങ്ങളും ആസ്വാദ്യകരമാകും. ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസം മേഖലയ്ക്കു കൂടുതൽ സഹായകരമാകാൻ രാത്രികാല ടൂറിസം സഹായിക്കും. എന്നാൽ കാരാപ്പുഴ ഡാമിൽ ഇതിനുള്ള നടപടികൾക്കും പ്രവൃത്തികൾ പൂർത്തിയാക്കാനും കാര്യമായ വേഗതയില്ലാത്തതാണു തിരിച്ചടി.
സിപ് ലൈൻ അനുഭവമാക്കി ഒരു ലക്ഷം പേർ
സഞ്ചാരികളുടെ ഇഷ്ടയിടമാണ് കാരാപ്പുഴ. സാധാരണ ദിവസങ്ങളിൽ പോലും സന്ദർശകർ ഏറെയുള്ള ഇവിടെ ശനി, ഞായർ ദിവസങ്ങളിൽ അയ്യായിരത്തോളം പേർ വരെയെത്തും. ചൂരൽമല, മുണ്ടക്കൈ ദുരന്തത്തെ തുടർന്നു സന്ദർശകരുടെ എണ്ണത്തിൽ ചെറിയ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പതുക്കെ പഴയ നിലയിലേക്ക് എത്തുന്നുണ്ടെന്നാണു കാരാപ്പുഴയിലെ സന്ദർശകരുടെ എണ്ണം വ്യക്തമാക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിപ് ലൈനാണു കാരാപ്പുഴയിലുള്ളത്. കഴിഞ്ഞ ഒരു വർഷം മാത്രം ഇവിടെ സിപ്‌ലൈൻ ഉപയോഗിച്ചത് ഒരു ലക്ഷം പേരാണ്. കൂടാതെ മറ്റു സാഹസിക റൈഡുകളും കുട്ടികളുടെ പാർക്കുമെല്ലാം സന്ദർശകരെ ആകർഷിക്കുന്ന മുഖ്യഘടകങ്ങളാണ്. വിശാലമായ പൂന്തോട്ടവും സൗകര്യവും ഇരിപ്പിടങ്ങളുമെല്ലാം കണക്കിലെടുത്താണു പ്രവേശന സമയം രാത്രി വരെയാക്കണമെന്ന ആവശ്യം ഉയരുന്നത്.
ഓപ്പൺ തിയറ്ററും സൗകര്യങ്ങളുമേറെ
ടൂറിസം വികസനത്തിന്റെ ഭാഗമായി തുടക്കത്തിൽത്തന്നെ കാരാപ്പുഴയിൽ ഒാപ്പൺ തിയറ്റർ അടക്കമുള്ള വിശാലമായ സൗകര്യങ്ങളുണ്ട്. ഓപ്പൺ തിയറ്ററിന് മുൻപിലായി ഇരിക്കാനുള്ള സജ്ജീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. തുടക്കം മുതൽ ഇവയെല്ലാം ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ പ്രവേശനമില്ലാത്തതിനാൽ സൗകര്യങ്ങളൊന്നും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വയനാടിന്റെ തനതു കലാരൂപങ്ങൾക്കടക്കം പ്രചോദനമാകുന്ന രീതിയിൽ ദിവസേന പരിപാടികൾ അവതരിപ്പിക്കാനും സന്ദർശകർക്ക് രാത്രികാല ആസ്വാദനത്തിനും വഴിയൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഡാമിലെ പൂന്തോട്ടത്തിനുള്ളിൽ രാത്രിയിൽ വെളിച്ചത്തിനായി വലിയ ലൈറ്റുകളും മറ്റു സംവിധാനങ്ങളും സജ്ജീകരിക്കുന്നുണ്ട്. 70 ലക്ഷം ചെലവിലാണ് സൗകര്യങ്ങളൊരുക്കുന്നത്. ഇൗ പ്രവൃത്തികളും എല്ലാ സൗകര്യങ്ങളും ഒരുക്കിയാൽ രാത്രികാല ടൂറിസം ആരംഭിക്കാം. എന്നാൽ, അതിനുള്ള നടപടികൾ നീണ്ടുപോകുകയാണെന്നു മാത്രം.