മൂടക്കൊല്ലിയിൽ വീണ്ടും കടുവ; ഗർഭിണിയായ പശുവിനെ കൊന്നു
Mail This Article
ബത്തേരി∙ പശുവിനെ കൊന്ന് നാട്ടിൽ ഭീതി പരത്തി കടുവ വീണ്ടും മൂടക്കൊല്ലിയിൽ. മൂടക്കൊല്ലി മുത്തിമല അനൂപിന്റെ പശുവിനെയാണ് കടുവ കൊന്നത്. ഒരു വർഷം മുൻപ് മരോട്ടിക്കത്തറപ്പിൽ പ്രജീഷ് എന്ന യുവാവിനെ കൊന്നിട്ട സ്ഥലത്തിന് സമീപത്താണ് കടുവയുടെ ആക്രമണം. 2023 ഡിസംബർ 9നാണ് കടുവ പ്രജീഷിനെ കൊന്നത്. അനൂപിന്റെ മേയാൻ വിട്ട പശുവിനെയാണ് കടുവ പിടിച്ചത്. വീട്ടിൽ നിന്ന് 100 മീറ്റർ മാറി വനാതിർത്തിയിലാണ് വെള്ളിയാഴ്ച പശുവിനെ കെട്ടിയിരുന്നത്. പശുവിനെ മാറ്റിക്കെട്ടുന്നതിനായി ഉച്ചയ്ക്ക് രണ്ടോടെ ചെന്നപ്പോൾ സ്ഥലത്ത് കാണാനില്ലായിരുന്നെന്ന് അനൂപ് പറയുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ 6ന് വനത്തിൽ വെള്ളമൊഴുകുന്ന ചതുപ്പിൽ പശുവിന്റെ ജഡം കണ്ടെത്തി. രാവിലെ എട്ടോടെ പശുവിന്റെ ജഡം കടുവ വീണ്ടും കാട്ടിനുള്ളിലേക്ക് വലിച്ചു കൊണ്ടുപോയി. പലരും കടുവയെ നേരിൽ കണ്ടു. ഗർഭിണിയായിരുന്ന പശുവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിലാണ്.എന്നാൽ വനത്തിനുള്ളിൽ വച്ചാണ് കടുവ പശുവിനെ പിടിച്ചതെന്നും നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റേഞ്ച് ഓഫിസർ രാജീവ്കുമാർ പറഞ്ഞു.
അനൂപിന് നഷ്ടമായത് ജീവിതമാർഗം
3 സെന്റിലെ കൊച്ചുവീട്ടിൽ പാൽ സൊസൈറ്റിയിൽ വിറ്റായിരുന്നു അനൂപിന്റെ ജീവിതം. 3 പശുക്കളായിരുന്നു അനൂപിനുണ്ടായിരുന്നത്. അതിലൊന്നിനെയാണ് കടുവ പിടിച്ചത്. ജീവിതമാർഗങ്ങളെല്ലാം അടയുകയാണെന്ന് അനുപ് പറയുന്നു. ഒരു വർഷം മുൻപും കടുവ പശുവിനെ പിടികൂടിയിരുന്നു. അന്ന് ഓടിയെത്തുകയും സാമ്പത്തിക സഹായം ചെയ്തു തരികയും ചെയ്തത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷായിരുന്നെന്നും അനൂപ് ഓർക്കുന്നു.
പ്രജീഷിനെ കടുവ കൊന്നിട്ട് നാളേക്ക് ഒരു വർഷം
ബത്തേരി∙ പുല്ലരിയുകയായിരുന്ന മൂടക്കൊല്ലി മരോട്ടിക്കത്തറപ്പിൽ പ്രജീഷിനെ കടുവ കൊന്നത് കഴിഞ്ഞ വർഷം ഡിസംബർ 9ന്. തുടർന്നു നടന്ന ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ 10 ദിവസങ്ങൾക്ക് ശേഷമാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. സംഭവത്തെ തുടർന്ന് വനാതിർത്തിയിൽ സുരക്ഷയൊരുക്കുമെന്നും വാകേരി മൂടക്കൊല്ലി കൂടല്ലൂർ റോഡ് നവീകരിക്കുമെന്നുമൊക്കെ വാഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല.