ഉരുൾപൊട്ടൽ പുനരധിവാസത്തിലെ മെല്ലെപ്പോക്ക്: കോൺഗ്രസ് തുടർ പ്രക്ഷോഭത്തിന്
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം അടക്കമുള്ളവ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തുടർപ്രക്ഷോഭത്തിന്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി പുനരധിവാസം നീട്ടി കൊണ്ടുപോവുകയാണെന്നും ദുരന്തബാധിതരെ കയ്യൊഴിയുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ എന്നിവർ പറഞ്ഞു.
ഇതിനെതിരെ യുഡിഎഫും കോൺഗ്രസും വരുംദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും. ഹൈക്കോടതിയിൽ പോലും സത്യം മറച്ചുവച്ച് തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. വയനാടിനായി മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 675 കോടി രൂപയാണ്. ഇതിൽ ഒരു രൂപ പോലും വയനാടിനായി ചെലവഴിച്ചിട്ടില്ലെന്നും ഇവർ ആരോപിച്ചു.
കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ, ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 675 കോടി രൂപ ഉപയോഗിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ തയാറാകണം. ദുരന്തമുണ്ടായി 4 മാസം പിന്നിട്ടിട്ടും പുനരധിവാസത്തിനുള്ള ഭൂമി പോലും കണ്ടെത്താൻ സർക്കാരിനായിട്ടില്ല. ദുരന്തബാധിതരെ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടിനെതിരെയാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ, പൊലീസിനെ ഉപയോഗിച്ച് ആ സമരം അടിച്ചമർത്താനാണു സർക്കാർ ശ്രമിച്ചത്.
ജനകീയ വിചാരണ ഇന്ന്
ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ പ്രതികരിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് മർദിച്ചതിനെതിരെ ഇന്ന് കൽപറ്റയിൽ ജനകീയ വിചാരണ നടത്തും. വൈകിട്ട് 4ന് കൽപറ്റ പഴയ മാർക്കറ്റ് റോഡിന് എതിർവശത്താണ് പ്രതീകാത്മക ജനകീയ വിചാരണ സദസ്സ്.
എസ്പി ഓഫിസ് മാർച്ച് 12ന്
യൂത്ത് കോൺഗ്രസ് മാർച്ച് അടിച്ചൊതുക്കാൻ ശ്രമിച്ച പൊലീസിന്റെ നടപടിക്കെതിരെ 12ന് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും.