വിളഞ്ഞ നെൽപാടത്ത് കാട്ടാനയുടെ കൊയ്ത്ത്
Mail This Article
പെരിക്കല്ലൂർ ∙ പെരിക്കല്ലൂർ പാടത്ത് തുടർച്ചയായ ദിവസങ്ങളിൽ ആനയിറങ്ങി കൊയ്ത്തിനു പാകമായ നെല്ല് നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാരക്കൽ സോണി, തെക്കേൽ സജി, കുന്നത്ത് ജോർജ് എന്നിവരുടെ പാടത്താണ് കൃഷിനാശമുണ്ടായത്. മഴയെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ കൊയ്ത്ത് വൈകിയത്. പാതിരി വനത്തിൽ നിന്നാണ് ആനയിറങ്ങുന്നത്. ഇവിടെ വനാതിർത്തിയിൽ തൂക്കുവേലിയുണ്ട്. പലദിവസങ്ങളിലും ലൈനിൽ ചാർജില്ലെന്നാണ് പരാതി.
ഇപ്പോഴത്തെ കാട്ടാനശല്യം പ്രദേശത്തെ ചിലർ വരുത്തിവയ്ക്കുന്നതാണെന്ന പരാതിയും കർഷകർക്കുണ്ട്. പുഴയിൽ നിന്നു മണൽവാരുന്നവർ തൂക്കുകമ്പി ചുരുട്ടിക്കെട്ടിവയ്ക്കുന്നു. ലൈനിലെ വൈദ്യുതി ചാർജ് എർത്താക്കിയും ലൈൻ ഓഫ്ചെയ്തുമാണ് ഈ പണി ചെയ്യുന്നത്. പമ്പ് ഹൗസ് മുതൽ വെട്ടത്തൂർ വരെയുള്ള കടവുകളിൽ അനധികൃത മണൽവാരൽ സജീവമാണ്. തൂക്കുവേലി സംരക്ഷണം ഉറപ്പാക്കണമെന്നും നെല്ല് കൊയ്തെടുക്കുംവരെ കാവൽ വേണമെന്നും കർഷകർ ആവശ്യപ്പെട്ടു.