ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരടുപട്ടിക തയാറാകുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണു പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്ത ബാധിതരെയും അവർക്കു മറ്റെവിടെയും വീട് ഇല്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും.

അപകട മേഖലയിലെ വാസയോഗ്യമല്ലെന്നു കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. ഒന്നാംഘട്ട പുനരധിവാസത്തിൽ ഉൾപ്പെടുന്നവരുടെ കരട് പട്ടിക തയാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കലക്ടർക്കാണ്. പട്ടിക തയാറാക്കുന്നതിനു പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷൻ കാർഡ് ജിയോ റഫറൻസ് പ്രാഥമിക വിവരമായി കണക്കാക്കും.

തദ്ദേശഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെഎസ്ഇബി എന്നിവയുടെ ഗുണഭോക്തൃ ജിയോ റഫറൻസ് വിവരങ്ങൾ, റാപ്പിഡ് വിഷ്വൽ സ്‌ക്രീനിങ് വിവരങ്ങൾ, സർക്കാർ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങൾ, സർക്കാർ ക്വാട്ടേഴ്‌സിലേക്കു മാറ്റിപ്പാർപ്പിച്ചവരുടെ വിവരങ്ങൾ, പാടികളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണു പട്ടിക തയാറാക്കുകയെന്ന് അധികൃതർ അറിയിച്ചു.

സബ് കലക്ടർ തയാറാക്കുന്ന ഈ പട്ടിക, മേപ്പാടി പഞ്ചായത്ത് അധികൃതർ നിലവിൽ തയാറാക്കിയിട്ടുള്ള പട്ടികയുമായി ഒത്തുനോക്കും. അതിൽ ഒഴിവാക്കപ്പട്ടതും അധികമായി ഉൾപ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങൾ പഞ്ചായത്തിൽ നിന്നു ലഭ്യമാക്കി ആവശ്യമായ പരിശോധനകൾക്കു ശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അന്തിമ കരട് പട്ടിക തയാറാക്കുകയുമാണ് ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി.

കരട് ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി റവന്യു ഡിവിഷനൽ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും ലഭ്യമാക്കും. പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൽ വെള്ളരിമല വില്ലേജ്, മേപ്പാടി പഞ്ചായത്ത് ഓഫിസുകളിൽ ഹെൽപ് ഡെസ്‌ക് സജ്ജീകരിക്കും.

കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 പ്രവൃത്തി ദിവസങ്ങൾക്കകം ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സ്വീകരിക്കും. ആക്ഷേപങ്ങൾ വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമ പഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com എന്ന ഇമെയിലിലും സ്വീകരിക്കും.

ഓഫിസുകളിലും ഓൺലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കും രസീത് നൽകും.കരട് പട്ടികയിലെ ആക്ഷേപങ്ങളിൽ സബ് കലക്ടർ സ്ഥലപരിശോധന നടത്തിയ ശേഷം റിപ്പോർട്ട് തയാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരിൽ കണ്ട് ആക്ഷേപത്തിൽ തീർപ്പു കൽപിക്കും.

English Summary:

Landslide victims from Mundakkai-Chooralmala in Kerala will soon receive much-needed relief. The Kerala Government is preparing a beneficiary list for a township project aimed at rehabilitating families who lost their homes in the disaster.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com