മുണ്ടക്കൈ, ചൂരൽമല അതിജീവനം: ദുരന്ത ബാധിതർക്കായി മൈക്രോപ്ലാൻ പ്രവർത്തനം തുടങ്ങുന്നു
Mail This Article
കൽപറ്റ ∙മുണ്ടക്കൈ–ചൂരൽമല ദുരന്തം മേപ്പാടി പഞ്ചായത്തിലെ 1084 കുടുംബങ്ങളിലെ 4636 പേരെ നേരിട്ടോ അല്ലാതെയോ ബാധിച്ചതായി കണ്ടെത്തൽ. ദുരന്തബാധിത മേഖലയിൽ കുടുംബശ്രീ നടത്തിയ മൈക്രോ പ്ലാൻ സർവേയിലൂടെയാണു വിവരങ്ങൾ പുറത്തുവന്നത്.മേപ്പാടി പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായ 10,11,12 വാർഡുകളിലായിരുന്നു സർവേ. വിശദമായ മൈക്രോ പ്ലാൻ തയാറാക്കി അതിജീവനത്തിനും പുനരുജ്ജീവനത്തിനും മാർഗരേഖയാകുകയാണു സർവേയുടെ ലക്ഷ്യം. എല്ലാ കുടുംബങ്ങളിലും മൈക്രോപ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി സർവേ നടത്തി.
ദുരന്ത മേഖലയിലുണ്ടായിരുന്ന കുടുംബങ്ങളിലെ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയാണു മൈക്രോപ്ലാനിന്റെ ലക്ഷ്യം. കുടുംബങ്ങളുടെ ആവശ്യങ്ങൾ സൂക്ഷ്മതലത്തിൽ വിലയിരുത്തി പരിഹാരം കാണും. അതിജീവന–ഉപജീവന ആവശ്യങ്ങളിൽ ഇടപെടൽ നടത്താൻ സാധിക്കുന്ന തദ്ദേശ വകുപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികനീതി, വനിതാ, ശിശുക്ഷേമം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, ലീഡ് ബാങ്ക്, പ്ലാനിങ്ങ്, തൊഴിലുറപ്പ് തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് മൈക്രോ പ്ലാൻ പ്രവർത്തന രേഖ തയാറാക്കിയത്. മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം 12ന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും.
മൈക്രോ പ്ലാൻ അടിസ്ഥാനത്തിലുളള വിവരങ്ങൾ
ആകെ ദുരന്തബാധിത കുടുംബങ്ങൾ - 1084
ആകെ ദുരന്തബാധിത
കുടുംബാംഗങ്ങൾ - 4636
ആവശ്യമുള്ള സേവനങ്ങൾ
ഹ്രസ്വകാലം 4900
ഇടക്കാലം 1027
ദീർഘകാലം 60
ഓരോ മേഖലയിലെയും ആവശ്യങ്ങൾ
ആരോഗ്യമേഖലയിൽ ചികിത്സ അടക്കമുള്ള സേവനം ആവശ്യമുള്ളവർ 1271
ആഹാരവും പോഷകാഹാരവും വേണ്ടവർ 331
വിദ്യാഭ്യാസ സഹായം വേണ്ടവർ 737
ഉപജീവന സഹായം
വേണ്ടവർ 1879
നൈപുണ്യ വികസനം
ആവശ്യമുള്ളവർ 629
ഉപജീവന വായ്പ
ആവശ്യമുള്ളവർ 1140