ഉരുൾപൊട്ടലിൽ വാടകക്കെട്ടിടം തകർന്നവർക്ക് സഹായം നൽകും
Mail This Article
കൽപറ്റ ∙ ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ പൂർണമായും ഭാഗികമായും തകർന്ന വാടക കെട്ടിടങ്ങളുടെ ഉടമകൾക്ക് ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സഹായധനം നൽകും. ഒന്നാംഘട്ട സഹായമായി 50 പേർക്ക് 25,000 രൂപ വീതമാണ് നൽകുന്നതെന്ന്് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.എ.അബ്ദുൽ മനാഫ്, സെക്രട്ടറി നിരൻ വിജയൻ എന്നിവർ അറിയിച്ചു.സഹായധന വിതരണം നാളെ വൈകിട്ടു 3ന് ബത്തേരി റോട്ടറി ഹാളിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ബിൽഡിങ് ഓണേഴ്‌സ് കോൺഫെഡറേഷൻ ചെയർമാൻ പഴേരി ഷരീഫ് ഹാജി മണ്ണാർക്കാട് അധ്യക്ഷത വഹിക്കും.
എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. കേരള ബിൽഡിങ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ, ഓൾ കേരള ബിൽഡിങ് ഓണേഴ്‌സ് അസോസിയേഷൻ എന്നിവർ ചേർന്നാണ് സഹായം നൽകുന്നതിന് ധനസമാഹരണം നടത്തിയത്.
മുണ്ടക്കൈയിൽ 15 വാടക കെട്ടിടങ്ങളും ചൂരൽമലയിൽ 35 കെട്ടിടങ്ങളുമാണ് നശിച്ചത്. അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ് എൻ.അബ്ബാസ് ഹാജി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിൽ തലപ്പുഴയിൽ 30 സെന്റ് ഭൂമി അസോസിയേഷനു നൽകിയിട്ടുണ്ട്. ഈ ഭൂമി ദുരന്തബാധിതരിലെ ഭർത്താവ് മരിച്ചവർ, തൊഴിൽ രഹിതരും അഭ്യസ്തവിദ്യരുമായ വനിതകൾ എന്നിവർക്കു ജീവനോപാധി പദ്ധതി നടപ്പാക്കുന്നതിന് ഉപയോഗിക്കുമെന്നും ഇവർ അറിയിച്ചു.