അനുമതി വാങ്ങിയില്ലെന്ന് വനംവകുപ്പ്; അംബ സ്കൂൾ കോളനി റോഡുപണി മുടങ്ങി
Mail This Article
സുഗന്ധഗിരി ∙ വനംവകുപ്പിന്റെ ഉടക്കിൽ കുടുങ്ങി അംബ സ്കൂൾ കോളനി റോഡ് നിർമാണം. ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ കഴിഞ്ഞ മാസമാണു റോഡ് നിർമാണം തുടങ്ങിയത്. അനുമതിയില്ലെന്ന ന്യായം നിരത്തിയാണു നിർമാണത്തിനെതിരെ വനംവകുപ്പ് രംഗത്തെത്തിയത്. ഇതിനു പിന്നാലെ നിർമാണം നിലച്ചു. 2018ലെ പ്രളയത്തിൽ ആദിവാസി പുനരധിവാസ മേഖലയിലെ അംബ സ്കൂളിനു മുൻപിലുള്ള കലുങ്ക് പൂർണമായും തകർന്നിരുന്നു.
തുടർന്ന് താൽക്കാലികമായി നിർമിച്ച ചെറിയ പാലത്തിലൂടെയാണ് വിദ്യാർഥികൾ അടക്കമുള്ളവർ യാത്ര ചെയ്തിരുന്നത്. പട്ടികവർഗ വികസന പദ്ധതിയുടെ ഭാഗമായി 2022ലാണു പുതിയ പാലം പണിക്കും റോഡ് നിർമാണത്തിനുമായി 1.43 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് കഴിഞ്ഞ 14നു നിർമാണം ആരംഭിച്ചു. ഇതിൽ ഒരു കലുങ്കിന്റെ നിർമാണം പൂർത്തിയാവുകയും ചെയ്തു. ഇതിനിടയിലാണ് വനംവകുപ്പ് തടസ്സവാദം ഉന്നയിച്ചത്.
2003–04 കാലയളവിൽ ആദിവാസികൾക്ക് കൃഷി ചെയ്യാൻ കൈവശാവകാശം നൽകിയ പ്രദേശത്ത് എന്തുതരം നിർമാണം നടത്തുന്നതിനും വനംവകുപ്പിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. പാലം പണിയോടൊപ്പം നിലവിൽ ടാറിങ് ഇല്ലാത്ത റോഡിൽ കോൺക്രീറ്റ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. വനഭൂമിയിൽ അത്തരമൊരു പുതിയ നിർമാണം ആരംഭിക്കുന്നതിനു മുൻപ് പഞ്ചായത്ത് അനുമതി വാങ്ങിയതായി അറിയില്ലെന്നും ഉണ്ടെങ്കിൽ അതു ഹാജരാക്കണമെന്നുമാണ് വനം വകുപ്പിന്റെ ആവശ്യം.
അതേസമയം, പണി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു വനം വകുപ്പ് സ്റ്റോപ് മെമ്മൊ നൽകിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുൻപുണ്ടായിരുന്ന റോഡാണ് ഇതെന്ന് ട്രൈബൽ വകുപ്പിന്റെ സാക്ഷ്യപത്രം ലഭിച്ചാൽ വനംവകുപ്പിന്റെ ഭാഗത്തു നിന്നു നിർമാണത്തിന് എതിർപ്പുകളുണ്ടാകില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
മുൻപ് ഒരിക്കലും ആവശ്യപ്പെടാത്ത അനുമതി രേഖകളാണ് ഇപ്പോൾ വനം വകുപ്പ് ആവശ്യപ്പെടുന്നതെന്നും വില്ലേജ് ഓഫിസിൽ നിന്നുള്ള രേഖകൾ അടക്കം പരിശോധിച്ചതിനു ശേഷം അനുമതിയെന്ന നിലപാടാണ് വനംവകുപ്പിന്റേതെന്നും പൊഴുതന പഞ്ചായത്ത് അധികൃതർ പറയുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും വനം വകുപ്പിന്റെയും ഹാരിസൺ മലയാളം ലിമിറ്റഡിന്റെയും അധീനതയിലായതിനാൽ വികസന പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടുകയാണെന്നും അനുമതിയുടെ പേരിൽ നിർമാണങ്ങൾക്ക് കാലതാമസം സൃഷ്ടിക്കരുതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
ഈ കുട്ടികൾ എന്തുപിഴച്ചു
കാത്തിരിപ്പിനു ശേഷം വികസന പ്രവൃത്തി പ്രദേശത്ത് ആരംഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു അംബയിലെ നാട്ടുകാർ. മൺപാതയിലൂടെയാണു പ്രദേശത്തെ 20 കുടുംബങ്ങളും അംബ ഗവ.എൽപി സ്കൂളിലെ 16 കുട്ടികളും സഞ്ചരിക്കുന്നത്. റോഡ് നിർമാണത്തിനായി താൽക്കാലിക പാലം പൊളിച്ചതോടെ നാട്ടുകാരുടെ യാത്ര പ്രതിസന്ധിയിലായി.
കാൽനടയാത്ര പോലും ദുസ്സഹമായ പാതയിലൂടെ കുട്ടികളെ സാഹസികമായാണ് രക്ഷിതാക്കൾ സ്കൂളിൽ എത്തിക്കുന്നത്. പാലമില്ലാത്തതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള ഗ്യാസ്, അരി, പച്ചക്കറികൾ അടക്കമുള്ള സാധനങ്ങൾ എത്തിക്കുന്നത് പോലും ശ്രമകരമാണെന്ന് അധ്യാപകരും പറയുന്നു. പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും അധികാര വടംവലികൾക്കിടയിൽ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാർ.
2003–04 കാലയളവിൽ ആദിവാസികൾക്ക് കൃഷി ചെയ്യാൻ കൈവശാവകാശം നൽകിയ പ്രദേശത്ത് എന്തുതരം നിർമാണം നടത്തുന്നതിനും വനംവകുപ്പിന്റെ അനുമതി വാങ്ങണം എന്നാണ് ചട്ടം