കടുവ: താമരശ്ശേരി ചുരത്തിൽ ക്യാമറകൾ സ്ഥാപിച്ചു
Mail This Article
താമരശ്ശേരി∙ ചുരത്തിൽ രണ്ടാം തവണയും കടുവയുടെ സാന്നിധ്യം സഥിരീകരിച്ചതോടെ വനം വകുപ്പ് രണ്ടിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. 8,9 വളവുകൾക്കിടയിൽ തകരപ്പാടിക്കു മേൽഭാഗത്താണ് ദേശീയപാതയ്ക്കു താഴെയും മുകളിലുമായി ഇന്നലെ ക്യാമറകൾ സ്ഥാപിച്ചത്. റിസർവ് വനം ആയതു കൊണ്ട് കടുവ ചുരം മേഖലയിൽ തമ്പടിച്ചിട്ടുണ്ടെങ്കിൽ കൂടുവച്ച് പിടികൂടാൻ പ്രയാസമാണ്. ആർആർടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.രാജീവ്, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സത്യൻ, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ മോഹനൻ പൂവൻ, ഇ. പ്രജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശിവാനന്ദൻ, വാച്ചർ സതീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി ക്യാമറകൾ സ്ഥാപിച്ചത്.
ചുരത്തിൽ രാത്രി വാഹനങ്ങൾ നിർത്തി യാത്രക്കാർ പുറത്ത് ഇറങ്ങരുതെന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.വിമൽ അറിയിച്ചു. വനം വകുപ്പ് ആർആർടി രാത്രി പട്രോളിങ് ശക്തമാക്കും. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി ചുരത്തിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും റേഞ്ച് ഓഫിസർ പറഞ്ഞു. നേരത്തെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഒരു വർഷം തികഞ്ഞപ്പോഴാണ് വീണ്ടും കടുവയെ കണ്ടത്. കഴിഞ്ഞ ഡിസംബർ 7 ന് പുലർച്ചെയാണ് 8ാം വളവിനും 9ാം വളവിനും ഇടയിൽ കടുവ റോഡ് മുറിച്ച് കടക്കുന്നതു കണ്ടത്. അന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഹൈവേ പൊലീസ് കടുവയുടെ ദൃശ്യം പകർത്തുകയും ചെയ്തിരുന്നു. രാത്രി ചുരത്തിൽ സഞ്ചാരികൾ റോഡരികിൽ ഇറങ്ങി നിൽക്കുന്നതു പതിവാണ്. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ നിന്നാണ് കടുവ ചുരത്തിൽ എത്തുന്നതെന്നാണ് സൂചന.