മുക്കുത്തിക്കുന്നിൽ പുനരധിവാസം വേണ്ട; വന്യജീവി സങ്കേതം ഓഫിസ് ഗ്രാമവാസികൾ ഉപരോധിച്ചു
Mail This Article
ബത്തേരി∙ നൂൽപുഴ പഞ്ചായത്തിൽ വനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന മുക്കുത്തിക്കുന്നിൽ പുനരധിവാസം നടപ്പാക്കാനുള്ള നീക്കത്തിനെതിരെ വയനാട് വന്യജീവി സങ്കേതം ഓഫിസ് ഉപരോധിച്ച് ഗ്രാമവാസികൾ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുനൂറോളം പേരാണ് മാർച്ചും ഉപരോധ സമരവുമായെത്തിയത്. വന്യജീവി സങ്കേതം ഓഫിസ് ഗേറ്റിന് മുൻപിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു.
ആകെയുള്ള 147 കുടുംബങ്ങളിൽ 25 വീട്ടുകാർ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് കത്തു നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഭൂരിപക്ഷം വരുന്ന 122 വീട്ടുകാർ പദ്ധതി സമ്മതിക്കില്ലെന്നും അറിയിച്ചു. എന്നാൽ റീ ബിൽഡ് കേരളയിൽ പെടുത്തി പദ്ധതി നടപ്പാക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. വില്ലേജിൽ സ്ഥലത്തിന്റെ അളവു തുടങ്ങുകയും 16ന് റീ ബിൽഡ് കേരളയുടെ പ്രതിനിധികൾ പരിശോധനയ്ക്കെത്തുകയും ചെയ്യുമെന്ന് അറിഞ്ഞതോടെയാണ് നാട്ടുകാർ ഇന്നലെ സമരത്തിനിറങ്ങിയത്.
പ്രായപൂർത്തിയായവരെ യോഗ്യതാ കുടുംബമായി കണക്കാക്കി ഒരു കുടുംബത്തിന് 15 ലക്ഷമാണ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം. 5 സെന്റ് ഭൂമിയുള്ള ഒരു കുടുംബത്തിൽ മാതാപിതാക്കളും പ്രായപൂർത്തിയായ 3 മക്കളും ഉണ്ടെങ്കിൽ യോഗ്യതാ കുടുംബങ്ങളുടെ എണ്ണം 5 ആയി കണക്കാക്കി 75 ലക്ഷം നഷ്ടപരിഹാരം ലഭിക്കും.
അതേ സമയം 2 ഏക്കർ സ്ഥലമുള്ള ഒരു കുടുംബത്തിൽ മാതാപിതാക്കളും വിവാഹം ചെയ്തയച്ച പെൺമക്കളുമാണെങ്കിൽ യോഗ്യതാ കുടുംബത്തിന്റെ എണ്ണം ഒന്നു മാത്രമായി കണക്കാക്കി 15 ലക്ഷമേ ലഭിക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ നാമമാത്ര സ്ഥലമുള്ള 25 കുടുംബങ്ങളാണ് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതെന്ന് സമരക്കാർ പറയുന്നു.
പുനരധിവാസത്തിന് തയാറായവരെ വേഗത്തിൽ മാറ്റിപ്പാർപ്പിക്കണമെന്ന് കാണിച്ച് എംഎൽഎ കത്തു നൽകിയിട്ടുണ്ടെന്നും തങ്ങൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നുമാണ് വനംവകുപ്പുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് സമര പ്രതിനിധികൾ പറഞ്ഞു.ആക്‌ഷൻ കമ്മിറ്റിയുണ്ടാക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന നാട്ടുകാർ കൂടുതൽ സമരങ്ങൾക്കൊരുങ്ങുകയാണ്..
ആകെയുള്ള 147 കുടുംബങ്ങളിൽ ജനറൽ 92 ഉം ഗോത്രവിഭാഗം 55 ഉം ആണ്. 18 വയസ്സിന് മുകളിലുള്ള 505 പേരിൽ 420 പേരും പുനരധിവാസത്തെ എതിർക്കുന്നവരാണെന്നും അപേക്ഷ നൽകിയവരെ പുനരധിവസിപ്പിച്ചാൽ പ്രദേശം കാടും ജനവാസ മേഖലയും ഇടകലർന്ന രീതിയിലാകുമെന്ന് ജനങ്ങൾ പറയുന്നു.
സമരം സിപിഎം ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എം.സിന്ധു അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എ.എസ്.കവിത, കർഷക സംഘം ഏരിയ പ്രസിഡന്റ് ടി.കെ.ശ്രീജൻ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. രാമചന്ദ്രൻ, വയനാടൻ ചെട്ടി കേന്ദ്ര സമിതി അംഗം രാധ സുരേഷ്ബാബു, ലീസ് കർഷക സമര സമിതി അംഗം ബാലകൃഷ്ണൻ ചുണ്ടപ്പാടി, പി.ജെ.പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.