ADVERTISEMENT

പുൽപള്ളി ∙ മഴക്കെടുതി അവസാനിച്ചെന്നു കരുതി കർഷകർ പാടത്തിറങ്ങിയപ്പോൾ വീണ്ടും മഴ. കഴിഞ്ഞ ദിവസങ്ങളിൽ പാടത്തുകൊയ്തിട്ട നെല്ലാകെ നനഞ്ഞുകുതിർന്നു. ജില്ലയിലെ മിക്കപാടത്തും കൊയ്ത്ത് ആരംഭിച്ചു. നെല്ല് മെതിച്ചെടുക്കാനാവാതെ കളത്തിൽ കൂട്ടിവച്ചവരും മെതിച്ചെടുത്ത നെല്ലും വൈക്കോലും ഉണക്കിയെടുക്കാനാവാത്തവരും പാടുപെടുന്നു. ഇതുതന്നെ കാപ്പിയുടെ അവസ്ഥയും. ശക്തമായ വെയിൽ കിട്ടാത്തതിനാൽ 10 ദിവസം മുൻപു പറിച്ചകാപ്പിയും ഉണക്കിയെടുക്കാനായിട്ടില്ല. ചാക്കിൽ കെട്ടിവച്ചവ പൂത്തുനശിക്കുന്നു.

പുൽപള്ളി ചാത്തമംഗലം, കുറിച്ചിപ്പറ്റ പാടങ്ങളിൽ കഴിഞ്ഞദിവസം കൊയ്ത് ഉണങ്ങാനിട്ട നെല്ല് നനഞ്ഞുനശിച്ചു. മഴ തുടർന്നാൽ ഇതുപൂർണമായി നശിക്കുമെന്നു കർഷകർ പറയുന്നു. ഇക്കൊല്ലം നെല്ലിനു മെച്ചപ്പെട്ട കാലാവസ്ഥയുണ്ടായിരുന്നു. നല്ലവിളവും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അവസാനഘട്ടത്തിൽ കർഷകരുടെ സന്തോഷം സങ്കടത്തിലേക്കു വഴിമാറുന്നു. നനഞ്ഞനെല്ലും വൈക്കോലും വാങ്ങാനാരുമില്ല.

മഴയും തൊഴിലാളി ക്ഷാമവും മൂലം വിളവെടുപ്പുമുടങ്ങിയ ആലൂർകുന്നിലെ കാപ്പിത്തോട്ടം.
മഴയും തൊഴിലാളി ക്ഷാമവും മൂലം വിളവെടുപ്പുമുടങ്ങിയ ആലൂർകുന്നിലെ കാപ്പിത്തോട്ടം.

മഴ നനഞ്ഞാൽ വൈക്കോലിനു പൂപ്പൽ ബാധിക്കും. ഇതുകന്നുകാലികൾക്ക് കൊടുക്കാനാവില്ല. പൊതുവേ നഷ്ടമാണെങ്കിലും വൈക്കോൽ വിറ്റാൽ ചെലവുതുകയുടെ ഒരുഭാഗം ലഭിക്കും. മഴനനയാതെ നെല്ല് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ പാടങ്ങളിലില്ല. പാടത്തുതന്നെ സൂക്ഷിച്ച് നെല്ലും വൈക്കോലും ഉണക്കിയെടുത്ത് വീടുകളിലേക്ക് കൊണ്ടുപോകുന്നതാണ് പതിവ്.

മിക്കപാടത്തും ഇപ്പോഴും വെള്ളക്കെട്ടുണ്ട്. അതിനാൽ യന്ത്രങ്ങളിറക്കി കൊയ്ത്ത് നടത്താനാവില്ല. ആളെനിർത്തി കൊയ്യാനും പ്രയാസം. തൊഴിലുറപ്പ് ജോലികളും ഈ സമയത്ത് നടക്കുന്നതിനാൽ ജോലിക്കാർക്ക് ക്ഷാമം. മാത്രവുമല്ല, കൈക്കൊയ്ത്തിന് ഇരട്ടിയിലധികം ചെലവുണ്ട്. ഒരേക്കർ സ്ഥലത്തെ നെല്ലിന്റെ പണികൾ തീർത്ത് വീട്ടിലെത്തിക്കാൻ കാൽലക്ഷം രൂപയോളം വേണ്ടിവരുമെന്നു കർഷകർ പറയുന്നു.

വിളവെടുപ്പുകാലം കണക്കിലെടുത്ത് തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കമെന്ന ആവശ്യം കർഷകർ ഉന്നയിക്കുന്നുണ്ട്. എന്നാൽ മുൻകൂട്ടി തയാറാക്കിയ മസ്റോൾ മാറ്റാനാവില്ലെന്ന സാങ്കേതികത്വങ്ങളാണ് അധികൃതർ പറയുന്നത്.മാനത്ത് മഴക്കാറുകണ്ടാൽ ഉൽപന്നങ്ങൾക്കു വില കുറയുന്ന പതിവുമുണ്ട്. ഇന്നലെ പച്ച അടയ്ക്കാ കിലോയ്ക്ക് 3 രൂപ കുറഞ്ഞു.

English Summary:

Paddy farming in Pulpally, Kerala faces a crisis as untimely rains damage harvested crops and hinder further harvesting efforts. The lack of drying facilities and labor shortages worsen the situation, leaving farmers with mounting losses and uncertainty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com