ജപ്തി നടപടി ഊർജിതമാക്കി ധനകാര്യ സ്ഥാപനങ്ങൾ; കർഷകർക്ക് തുരുതുരാ ജപ്തി നോട്ടിസ്
Mail This Article
പുൽപള്ളി ∙ കാർഷികമേഖല തകർന്നടിയുകയും കൃഷിയിൽനിന്നു കർഷകർ പിന്മാറുകയും ചെയ്യുന്നതിനിടെ ജില്ലയിൽ കർഷകരുടെ കിടപ്പാടങ്ങൾ ജപ്തി ചെയ്യാനുള്ള നീക്കങ്ങൾ ഊർജിതമാക്കി ധനകാര്യ സ്ഥാപനങ്ങൾ. ദിവസവും ഒട്ടേറെപ്പേർക്കാണു ജപ്തി നോട്ടിസുകൾ ലഭിക്കുന്നത്. ബാങ്കുകൾ നേരിട്ടും കോടതി മുഖേനയുമാണ് കിട്ടാക്കടം തിരിച്ചുപിടിക്കാൻ ശക്തമായ നീക്കങ്ങൾ നടത്തുന്നത്. കർഷകരെ സഹായിക്കാൻ രൂപംകൊണ്ട സഹകരണ, കാർഷിക, ഗ്രാമ വികസന ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും വായ്പക്കാരെ നേരിൽക്കണ്ടും നോട്ടിസ് അയച്ചും ഇടപാടുകൾ തീർക്കാൻ കർശന നിർദേശം നൽകുന്നുണ്ട്.
മുതലിനേക്കാൾ മുകളിലെത്തിയ പലിശയും കൂട്ടിയാലൊതുങ്ങാത്ത കൂട്ടുപലിശയുമെല്ലാം ഈടാക്കാനുള്ള പരസ്യങ്ങളും വില്ലേജ് ഓഫിസുകളിൽ നോട്ടിസുകൾ കുന്നുകൂടുന്നതും പതിവായി. കാർഷിക ഗ്രാമവികസന ബാങ്കുകളും കേരളാബാങ്കും മനസ്സാക്ഷിയില്ലാത്തവിധം പലിശ വാങ്ങുന്നെന്നാണു കർഷകരുടെ പരാതി. കോവിഡ് കാലത്ത് ചെറുകിട സംരംഭങ്ങളെ സഹായിക്കാൻ നൽകിയ വായ്പ വർഷങ്ങൾ കഴിഞ്ഞിട്ടും അടച്ചുതീർക്കാൻ കഴിയാതെ ചെറുകിട ഇടപാടുകാർ വലയുന്നു. പിടിച്ചു നിൽക്കാനാവാതെ പലരുടെയും സംരംഭങ്ങൾ പൂട്ടിക്കെട്ടി. വായ്പക്കാരന്റെ നട്ടെല്ലൊടിക്കുന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നതെന്നു സംരംഭകർ പരാതിപ്പെടുന്നു.
മാസമാസമുള്ള അടവിൽ കുറവുവന്നാൽ വായ്പക്കാരന്റെ സിബിൽ സ്കോർ താഴുകയും മറ്റൊരിടത്തുനിന്നും വായ്പ ലഭിക്കാനുള്ള യോഗ്യതയില്ലാതാവുകയും ചെയ്യും.സഹകരണ സ്ഥാപനങ്ങൾ ഈടാക്കുന്ന പലിശയിലും ഇളവില്ലെന്നു കർഷകർ പറയുന്നു. കേന്ദ്ര–സംസ്ഥാന സർക്കാർ നയങ്ങൾ സഹകരണ ബാങ്കുകളുടെ നിലനിൽപിനെയും അപകടത്തിലാക്കുന്നു. ബാങ്കുകളിൽ പലതും നഷ്ടത്തിലേക്കു നീങ്ങുന്നു. കിട്ടാക്കടങ്ങൾ കുന്നുകൂടുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സഹകരണ ബാങ്കുകൾക്ക് 2019 മുതൽ സർക്കാർ ഏതാണ്ട് 1,000 കോടി രൂപ നൽകാനുണ്ട്.
കടാശ്വാസ കമ്മിഷനും തുണയാകുന്നില്ല
കടാശ്വാസ കമ്മിഷൻ വിധിപറഞ്ഞ കേസുകളിൽ വായ്പക്കാരനും ബാങ്കുകൾക്കും ആശ്വാസമില്ല. കമ്മിഷൻ വിധിമാനിച്ച് ബാക്കി തുക അടച്ചവർക്കും രേഖ നൽകാൻ ബാങ്കുകാർ തയാറാവുന്നില്ല. സർക്കാർ വിഹിതം ലഭിക്കുമെന്ന വിശ്വാസം ബാങ്കുകാർക്കുമില്ല.
കടാശ്വാസ കമ്മിഷൻ വെറും നോക്കുകുത്തിയായി മാറി. ആയിരക്കണക്കിന് അപേക്ഷകളാണ് തീർപ്പാക്കാൻ കമ്മിഷനു മുന്നിലുള്ളത്. കർഷകരുടെ കടബാധ്യതയിലേക്ക് സർക്കാർ ഒരുരൂപയുടെ സഹായം നൽകുന്നില്ല. വരും ദിവസങ്ങളിൽ ജില്ലയിൽ വ്യാപകമായി ജപ്തിയും കരസ്ഥപ്പെടുത്തൽ അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് ബാങ്കുകാരുടെ തീരുമാനം. കാർഷിക മേഖലയെ അസ്വസ്ഥപ്പെടുത്തുന്ന നീക്കങ്ങളാണ് പുതുവർഷം കാണേണ്ടിവരിക.