ADVERTISEMENT

മരവയൽ ∙ അണ്ടർ 20 സംസ്ഥാന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്നലെ നടന്ന ആദ്യകളിയിൽ കണ്ണൂരിനെതിരെ ഇടുക്കിക്കു ജയം. മരവയൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഇടുക്കിയുടെ ജയം. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് മുതലെടുത്തായിരുന്നു ഇടുക്കിയുടെ ഗോൾ. റീബൗണ്ട് ചെയ്തതു മുതലെടുത്ത് ഇടുക്കിയുടെ മുന്നേറ്റതാരം മുഹമ്മദ് നായിഫ് കണ്ണൂരിന്റെ വല കുലുക്കി. 2–ാം പകുതിയുടെ തുടക്കം മുതൽ കണ്ണൂർ ആക്രമണം കടുപ്പിച്ചു.

57–ാം മിനിറ്റിൽ കണ്ണൂരിനെ ഞെട്ടിച്ച് ഇടുക്കി വീണ്ടും ലീഡെടുത്തു. ഒറ്റയ്ക്കു മുന്നേറിയ ലിസ്ബൺ ലിൻസോയാണു ഗോൾ സ്കോറർ. 2 ഗോളിനു പിന്നിലായ ശേഷവും കണ്ണൂർ ആക്രമണം തുടർന്നെങ്കിലും ഗോൾ നേടാനായില്ല. ഗോളെന്നുറച്ച പല അവസരങ്ങളും പോസ്റ്റിലും ബാറിലും തട്ടി പുറത്തേക്ക് പോയതും കണ്ണൂരിനു തിരിച്ചടിയായി. ഒടുവിൽ 82–ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ കുതിച്ചെത്തിയ മുന്നേറ്റ താരം അങ്കിത് ഹരീന്ദ്രൻ കണ്ണൂരിനായി ഗോൾ മടക്കി.  

കളിയിലേക്കു തിരിച്ചു വരാൻ കണ്ണൂർ പരമാവധി ശ്രമിച്ചെങ്കിലും ഇടുക്കിയുടെ പ്രതിരോധ കോട്ട തകർന്നില്ല. ചാംപ്യൻഷിപ്പിലെ ആദ്യദിനത്തിലെ മത്സരങ്ങളിൽ കോഴിക്കോട്, വയനാട് ടീമുകൾ ജയിച്ചു. ചാംപ്യൻഷിപ് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അധ്യക്ഷത വഹിച്ചു. ടി.സിദ്ദീഖ് എംഎൽഎ, എം.വി.ശ്രേയാംസ് കുമാർ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, എം.വി.ബാബു, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ്, സെക്രട്ടറി ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.

ഇന്നത്തെ മത്സരങ്ങൾ
കൊല്ലം–എ‌റണാകുളം(വൈകിട്ട് 4ന്)
വയനാട്–ഇടുക്കി(രാത്രി 7ന്)

English Summary:

Under-20 Football action kicked off with a bang as Idukki edged out Kannur 2-1 in the opening match of the State Football Championship. Muhammed Naif scored the decisive goal for Idukki just before half-time.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com