ദുരന്തബാധിതരോടുള്ള അവഗണന: ലോങ് മാർച്ചിൽ പ്രതിഷേധമിരമ്പി
Mail This Article
കൽപറ്റ ∙ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ലോങ് മാർച്ചിൽ പ്രതിഷേധമിരമ്പി. മേപ്പാടി മുതൽ കൽപറ്റ വരെയായിരുന്നു ലോങ് മാർച്ച്. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിച്ച ലോങ് മാർച്ചിൽ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.
ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, എസ്റ്റേറ്റ് പാടികളിൽ താമസിക്കുന്നവരെയും പുനരധിവാസത്തിൽ ഉൾപ്പെടുത്തുക, ഗുരുതര പരുക്കേറ്റവരുടെ തുടർ ചികിത്സാ സഹായം അടിയന്തരമായി നൽകുക, അടിയന്തര ധനസഹായം മുഴുവൻ കുടുംബങ്ങൾക്കും നൽകുക, കെട്ടിടങ്ങൾ നഷ്ടപ്പെട്ട ഉടമകൾക്ക് നഷ്ടപരിഹാരം ഉടൻ നൽകുക, ദുരിതബാധിതരുടെ വീട്ടുവാടക കാലതാമസം കൂടാതെ നൽകുക, ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായം തുടരുക, നിർത്തിവച്ച ഭക്ഷ്യക്കിറ്റ് വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ലോങ് മാർച്ച്.
കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, ഒ.ജെ.ജനീഷ്, ജില്ലാ പ്രസിഡന്റ് അമൽ ജോയ്, സംഷാദ് മരക്കാർ, കെപിസിസി അംഗങ്ങളായ പി.പി.ആലി, കെ.ഇ.വിനയൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. കൽപറ്റ ചുങ്കം ജംക്‌ഷനിൽ പൊതുസമ്മേളനത്തോടെ ലോങ് മാർച്ച് സമാപിച്ചു. മേപ്പാടിയിലും കൽപറ്റയിലും ഐഎൻടിയുസി പ്രവർത്തകർ മാർച്ചിന് അഭിവാദ്യമർപ്പിച്ചു.
ദുരന്തബാധിതരുടെ പുനരധിവാസം വരെ പോരാട്ടം: രാഹുൽ മാങ്കൂട്ടത്തിൽ
∙ ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതു വരെ യൂത്ത് കോൺഗ്രസ് പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തബാധിതരോടുള്ള അവഗണനയ്ക്കെതിരെ സമരം ചെയ്യുമ്പോൾ പൊലീസുകാർക്ക് കൈതരിക്കുന്നത് എന്തി നാണ്?
രാഷ്ട്രീയ നിർദേശത്തിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചത്. അന്നത്തെ പ്രതിഷേധം പ്രധാനമന്ത്രിക്ക് എതിരായി കൂടിയായിരുന്നു. പിണറായി വിജയന്റെ ബോസായതിനാൽ മോദിക്കെതിരെ സമരം നടത്താൻ ഡിവൈഎഫ് ഐക്ക് സാധിക്കില്ല.
എത്ര തല്ലിയൊതുക്കാൻ ശ്രമിച്ചാലും ദുരന്തബാധിതരുടെ അവകാശങ്ങൾക്കായി യൂത്ത്‌കോൺഗ്രസ് പോരാട്ടം തുടരുമെന്നും രാഹുൽ പറഞ്ഞു.പുനരവധിവാസത്തിന്റെ ഭാഗമായി 30 വീടുകൾ നൽകാനുള്ള നടപടികളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുകയാണ്. എന്നാൽ, സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാപന യോഗം ടി.സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.