നവാസിനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി
Mail This Article
ചുണ്ടേൽ ∙ ഓട്ടോറിക്ഷാ ഡ്രൈവർ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസിനെ (44) ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ജീപ്പ് ഓടിച്ചിരുന്ന നിലമ്പൂർ കാഞ്ഞിരത്തിങ്കൽ കോഴിക്കറാട്ടിൽ വീട്ടിൽ സുമിൻഷാദ് (24), സഹോദരൻ അജിൻഷാദ് (20) എന്നിവരെയാണു ഇന്നലെ രാവിലെ പത്തേമുക്കാലോടെ തെളിവെടുപ്പിനായി എത്തിച്ചത്. വൈത്തിരി സിഐ എം.വിശ്വംഭരന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതി സുമിൻഷാദ് നവാസിനെ കാത്തിരുന്ന ചുണ്ടത്തോട്ടം മസ്ജിദിനു സമീപമാണു ആദ്യം തെളിവെടുപ്പ് നടത്തിയത്. തുടർന്ന് അപകടമുണ്ടാക്കിയ, ചുണ്ടേൽ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം പ്രതികളെ എത്തിച്ചു. അപകടമുണ്ടാക്കിയ വിധം പ്രതി സുമിൻഷാദ് പൊലീസിനോടു വിവരിച്ചു. പിന്നീട്, 2–ാം പ്രതിയായ അജിൻഷാദ് നവാസിനെ നിരീക്ഷിക്കാനായി കാത്തുനിന്ന ചുണ്ടേൽ ടൗണിലും തെളിവെടുപ്പ് നടത്തി. ഇവിടെ പ്രതികൾക്കു നേരെ നാട്ടുകാർ രോഷാകുലരായി പാഞ്ഞടുത്തെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ശേഷം പ്രതികളുടെ ഉടമസ്ഥതയിൽ ചുണ്ടേൽ ടൗണിനു സമീപത്തെ ഹോട്ടലിലുമെത്തിച്ച് തെളിവെടുത്തു. പ്രതികളെ ഇന്നു ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.