പാലം കാത്ത് കാലു കഴയ്ക്കുന്നു; എടത്തറ തോടിനും തണ്ടംതറ തോടിനും പാലം വേണം
Mail This Article
കാലിക്കുനി ∙ എടത്തറ ക്ഷേത്രം–ഇടിയംവയൽ റോഡിനു കുറുകെ ഒഴുകുന്ന എടത്തറ തോടിനും തണ്ടംതറ തോടിനും പാലം നിർമിക്കണം. തരിയോട്, പൊഴുതന പഞ്ചായത്തുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡിൽ പാലം വേണമെന്ന് വർഷങ്ങളായി ഇവിടത്തുകാർ ഉന്നയിക്കുന്നുണ്ട്. എന്നാൽ ആവശ്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.തരിയോട് പഞ്ചായത്ത് പരിധിയിലെ പാലുവയൽ, പൊഴുതന പഞ്ചായത്തിലെ ഇഎംഎസ് എന്നീ ആദിവാസി ഊരുകളിലുള്ളവർ അടക്കം നൂറു കണക്കിന് കുടുംബങ്ങൾ മതിയായ യാത്രാ സൗകര്യം ഇല്ലാതെ വർഷങ്ങളായി ദുരിതത്തിലാണ്.
വിവിധ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന പൊഴുതന, കാവുംമന്ദം ഭാഗങ്ങളിൽ എത്താൻ ഇരു ഭാഗങ്ങളിലും ഉള്ളവർ നിലവിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. ഇവിടത്തെ പ്രധാന ആരാധനാലയമായ എടത്തറ അമ്പലത്തിൽ എത്താനും ഏറെ പാടുപെടുകയാണ്. തോട്ടിൽ വെള്ളം നിറയുന്നതോടെ പ്രദേശവാസികൾ ഒറ്റപ്പെടും. പാലുവയൽ ഭാഗത്തെ തോട് വരെ നിലവിൽ റോഡ് ഉണ്ട്. അനുബന്ധ റോഡ് മാത്രം മതി. തുടർന്നുള്ള ഭാഗം മുതൽ തണ്ടംതറ തോട് വരെയുള്ള ഭാഗത്ത് റോഡും നിർമിക്കണം.