ഹൃദയമുണ്ടോ, ഭരണകൂടമേ; ദുരന്തബാധിതർക്കുള്ള കിറ്റ് നിലച്ചിട്ട് ഒരു മാസം
Mail This Article
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള റവന്യു വകുപ്പിന്റെ ഭക്ഷ്യക്കിറ്റ് വിതരണം നിലച്ചിട്ട് ഒരു മാസം പിന്നിട്ടു. കഴിഞ്ഞ നവംബർ 7നു കുന്നമ്പറ്റയിൽ ദുരന്തബാധിതർക്കു പുഴുവരിച്ച അരി വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണു കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. മേപ്പാടി പഞ്ചായത്തിൽ നിന്നു വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണു പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ സമരവുമായി രംഗത്തിറങ്ങി. റവന്യു വകുപ്പ് വിതരണം ചെയ്ത കിറ്റിൽ പഞ്ചായത്തിന് ഉത്തരവാദിത്തമില്ലെന്ന് കാണിച്ച് പഞ്ചായത്ത് അധികൃതർ കലക്ടറേറ്റിലെത്തി പ്രതിഷേധിച്ചു.
ഇതിനു പിന്നാലെ, കുന്നമ്പറ്റയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ 2 കുട്ടികൾക്കു ഭക്ഷ്യക്കിറ്റിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പരാതി ഉയർന്നു. ഇതു വിവാദമായതോടെയാണു കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു നവംബർ 9നു കലക്ടർ ഉത്തരവിറക്കിയത്. ഗുണമേന്മ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമേ ഭക്ഷ്യകിറ്റ് ഇനി വിതരണം നടത്താൻ പാടുള്ളൂവെന്നാണു ഉത്തരവിലുണ്ടായിരുന്നത്. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കലക്ടർ നിർദേശം നൽകി. എന്നാൽ, തുടർ നടപടികൾ ഇഴഞ്ഞു. ഇതിനു പുറമേ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് കൂടിയായതോടെ കിറ്റ് വിതരണം പൂർണമായും നിലച്ചു.
മനംമടുത്ത് ദുരന്തബാധിതർ
ഒരു മാസമായി ഭക്ഷ്യക്കിറ്റ് വിതരണം നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു ദുരന്തബാധിത കുടുംബങ്ങൾ. പണിക്കു പോകാൻ സാധിക്കാത്ത പലരും ഭക്ഷ്യക്കിറ്റുകൊണ്ടാണ് കഴിഞ്ഞുപോയിരുന്നത്. വാടക വീടുകളിൽ സുമനസ്സുകളുടെ കാരുണ്യംകൊണ്ടാണു ദുരന്തബാധിത കുടുംബങ്ങൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. ഭൂരിഭാഗം പേർക്കും തൊഴിലില്ല. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും തോട്ടം തൊഴിലാളികൾക്ക് മറ്റു സ്ഥലത്ത് തൊഴിൽ നൽകുമെന്ന് എസ്റ്റേറ്റ് അധികൃതർ അറിയിച്ചെങ്കിലും നടപടിയായില്ല.
പുനരധിവാസം നീളുന്നു
വീടു നിർമാണത്തിനും പുനരധിവാസത്തിനുമായി സർക്കാർ കണ്ടെത്തിയ സ്ഥലം ഉടൻ ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, ഇത്തരം നൂലാമാലകളൊന്നുമില്ലാത്ത ധാരാളം സ്ഥലം വയനാട്ടിൽ ലഭിക്കാനുണ്ടെങ്കിലും അതിനൊന്നും സർക്കാർ ശ്രമിക്കാത്തത് പുനരധിവാസത്തിൽ ആത്മാർഥത ഇല്ലാത്തതാണെന്നാണ് ആരോപണം.
സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകിയാൽ വീട് നിർമിച്ചു നൽകാമെന്ന് അറിയിച്ച പല സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്താൻ ആരംഭിച്ചു. പുൽപള്ളിയിൽ സന്നദ്ധ സംഘടന 15 വീടുകൾ നിർമാണം പൂർത്തീകരിച്ച് കൈമാറി. തൃക്കൈപ്പറ്റയിൽ 37 വീടുകളുടെയും കമ്യൂണിറ്റി ഹാളിന്റെയും നിർമാണം അന്തിമ ഘട്ടത്തിലാണ്. മുട്ടിലിൽ 10 വീടുകളും നിർമാണവും പുരോഗമിക്കുന്നു.
ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടന്ന് നശിക്കുന്നു
ദുരന്തബാധിതർക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കൈനാട്ടിയിൽ ജില്ലാ ഭരണകൂടത്തിന് കീഴിലെ കലക്‌ഷൻ സെന്റർ, മേപ്പാടി പഞ്ചായത്തിന് കീഴിലെ ഇഎംഎസ് ഹാൾ എന്നിവിടങ്ങളിലായി കെട്ടിക്കിടക്കുകയാണ്. ഇവയിൽ ഭൂരിഭാഗവും പഴകി നശിച്ച നിലയിലാണ്. അരി, പഞ്ചസാര, ബിസ്കറ്റ്, അവിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളിലേറെയും കാലാവധി കഴിഞ്ഞു. ദുരന്തബാധിതർ വാടക വീടുകളിലും മറ്റും ഭക്ഷ്യക്കിറ്റുകൾ ലഭിക്കാതെ കഴിയുമ്പോഴാണു ഈ അവസ്ഥ.