മഞ്ഞുപെയ്യും വയനാടിന് വൻ ഡിമാൻഡ്!
Mail This Article
കൽപറ്റ ∙ മഞ്ഞുവീഴ്ചയിൽ കുളിച്ചു നിൽക്കുന്ന വയനാടിനെ കണ്ടിട്ടുണ്ടോ? ആ മനോഹര ദൃശ്യം നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ചിരിക്കുകയാണ് 'കനവു കഥ' എന്ന സ്റ്റാർട്ടപ് കമ്പനി.വയനാട് ചുരത്തിലും ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലും മഞ്ഞു പെയ്തിറങ്ങുന്ന ദൃശ്യം ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ലക്കിടി പ്രവേശന കവാടം, എടയ്ക്കൽ ഗുഹ, ജൈന ക്ഷേത്രം, മുത്തങ്ങ, പള്ളിക്കുന്ന് ലൂർദ്മാതാ ദേവാലയം, അട്ടമല കണ്ണാടി പാലം തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞു പെയ്യുന്നതാണു ദൃശ്യങ്ങളിൽ.
ക്രിസ്മസ് കാലത്ത് വിവിധ ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മഞ്ഞു പെയ്താൽ എങ്ങനെയുണ്ടാവും എന്ന ആശയത്തിൽ നിന്നാണ് സ്വപ്ന സമാനമായ ദൃശ്യങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. അഖിൽ വിനായക് എന്ന എഐ ആർട്ടിസ്റ്റാണ് ആശയത്തിനു പിന്നിൽ. സ്റ്റാർട്ടപ് കമ്പനിയുടെ ഉടമയായ അഖിൽ സിനിമകളിലും പരസ്യമേഖലയിലുമാണ് നിർമിത ബുദ്ധിയുടെ സാധ്യതകളെ ഉപയോഗിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ കാർഡും പരസ്യങ്ങൾക്കുള്ള മനോഹര ദൃശ്യങ്ങളും കനവു കഥ നിർമിക്കുന്നു. പുതിയ തലമുറ സംവിധായകർ നിർമിത ബുദ്ധിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ തയാറാണ്. വലിയ സാധ്യതകളാണ് നിർമിത ബുദ്ധി സിനിമ മേഖലയിൽ തുറന്നു വച്ചിരിക്കുന്നത് –അഖിൽ പറയുന്നു.