ഹൗ... ഒന്നിളകിയാൽ; ചങ്കിടിപ്പ് വർധിപ്പിച്ച് ഭീമൻ തേനീച്ചക്കൂടുകൾ
Mail This Article
പനമരം∙ ജില്ലയിൽ കെട്ടിടങ്ങൾക്ക് മുകളിലും പാലങ്ങൾക്ക് അടിയിലും വലിയ തേനീച്ചയുടെ കൂടുകൾ വീണ്ടും പെരുകുന്നു. പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തിലെ ഒട്ടേറെ കെട്ടിടങ്ങൾക്കു മുകളിലും ബസ് സ്റ്റാൻഡ്, പഞ്ചായത്ത്, ബാങ്ക് കെട്ടിടങ്ങളിലും തേനീച്ചക്കൂടുകൾ പെരുകുകയാണ്.ടൗണിൽ ഒരു കെട്ടിടത്തിന്റെ പാരപ്പറ്റിൽ തന്നെ ഒന്നിലധികം തേനീച്ച കോളനികളാണുള്ളത്. പനമരത്തെ വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിൽ വർഷങ്ങളായി തേനീച്ച കോളനികൾ ഉണ്ടെങ്കിലും ഇക്കുറി കെട്ടിടത്തിന്റെ രണ്ടു വശങ്ങളിലായി ഒരു ഡസനിലേറെ കോളനികളുണ്ട്. മുൻ വർഷങ്ങളിൽ ഈ കെട്ടിടത്തിലെയും വലിയ പാലത്തിനടിയിലെയും തേനീച്ചക്കൂടുകൾ പക്ഷി ഇളക്കിയതിനെ തുടർന്ന് ഒട്ടേറെപ്പേർക്ക് തേനീച്ചക്കുത്തേറ്റിരുന്നു.പാലത്തിന് മുകളിൽ നിന്നാൽ താഴെയുള്ള അപകടം യാത്രക്കാർക്ക് കാണാൻ കഴിയില്ല.പരുന്തോ മറ്റു പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയാൽ യാത്രക്കാർക്ക് കുത്തേൽക്കുമെന്ന് ഉറപ്പാണ്.