21 കോടി മുടക്കിയ പുതിയ ബ്ലോക്ക് ഇപ്പോഴും പാതി വഴിയിൽ; പണി തീരാത്തൊരു അതിഥി മന്ദിരമേ..!!
Mail This Article
ബത്തേരി∙ ബത്തേരിയിൽ പഴയ അതിഥി മന്ദിരം നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്നിരിക്കെ അതിനോടു ചേർന്ന് ഒന്നര പതിറ്റാണ്ട് മുൻപ് നിർമാണം തുടങ്ങിയ 52 മുറികളുൾപ്പെട്ട ആധുനിക കെട്ടിടം ഇന്നും പണി തീരാതെ കിടക്കുന്നു.10 കോടി രൂപ പദ്ധതിയിട്ട് 2010 ൽ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ തറക്കല്ലിട്ട കെട്ടിടമാണ് 21 കോടി മുടക്കിയിട്ടും പൂർത്തിയാകാതെ കിടക്കുന്നത്. ഉദ്ഘാടനം ചെയ്യപ്പെടാതെ തന്നെ കെട്ടിടത്തിന് 15 വർഷത്തെ പഴക്കമായി. പുതിയ കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുമ്പോഴാണ് പഴയ കെട്ടിടവും പൊളിച്ചു നവീകരിക്കാൻ തീരുമാനിച്ചത്. അതും വർഷങ്ങൾ നീണ്ടെങ്കിലും ഒടുവിൽ ഇന്നു തുറന്നു നൽകുകയാണ്. അതേ സമയം കോടികൾ ചെലവിട്ട് ഇഴഞ്ഞു നീങ്ങുന്ന 5 നില മന്ദിരമാണ് ഉടൻ തുറന്നു ലഭിക്കേണ്ടത്.
ലിഫ്റ്റ്
15 വർഷമായി നിർമാണം തുടങ്ങിയ കെട്ടിടത്തിൽ 13 വർഷത്തിനു ശേഷമാണ് ലിഫ്റ്റ് സ്ഥാപിക്കാൻ എത്തിച്ചത്. ക്വട്ടേഷനെടുത്ത കമ്പനി 35 ലക്ഷം രൂപ പണമായി കയ്യിൽ വേണമെന്ന് ശഠിച്ചപ്പോൾ ബാങ്ക് വഴി കൊടുക്കാമെന്നായിരുന്നു ടൂറിസം വകുപ്പിന്റെ നിലപാട്. ഈ തർക്കത്തിന്റെ പേരിൽ മാത്രം നിർമാണ പ്രക്രിയകൾ ഒന്നര വർഷം താമസിച്ചു. ഒടുവിലിപ്പോൾ ധനകാര്യ വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ നേരിട്ടെത്തി പരിശോധിച്ചതിന്റെ വെളിച്ചത്തിൽ തുക നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഫർണീച്ചർ
അതിഥി മന്ദിരത്തിന്റെ ബഹുനിലക്കെട്ടിടം പണിതെങ്കിലും 52 മുറികളിലേക്കുമുള്ള ഫർണീച്ചറുകളും ടിവി, കിടക്ക, കസേര മേശ, തുടങ്ങിയ സാധന സാമഗ്രികളെല്ലാം ഇനിയും സജ്ജീകരിക്കേണ്ടതുണ്ട്. അടുക്കള, കോൺഫറൻസ് ഹാൾ എന്നിവയും നവീകരിക്കണം. ലിഫ്റ്റിന്റെ പണികൾ പൂർത്തീകരിച്ചാൽ മാത്രമേ അഗ്നിരക്ഷാ വിഭാഗത്തിൽ നിന്നുള്ള അനുമതിയും മറ്റ് സർട്ടിഫിക്കറ്റുകളും ലഭിക്കുകയുള്ളു. പുതിയ ബ്ലോക്കിലേക്കു വൈദ്യുതിയും ലഭ്യമാക്കേണ്ടതുണ്ട്. പണിതിട്ടും പണിതിട്ടും പണിതീരാത്ത മന്ദിരത്തിന്റെ നിർമാണ പ്രവൃത്തികൾ ഇനിയും നീണ്ടാൽ കോടികൾ ഇനിയും മുടക്കേണ്ടി വരുമെന്ന് മാത്രമല്ല കെട്ടിടം വീണ്ടും പുതുക്കിപ്പണിയേണ്ടിയും വരും.
ഗെസ്റ്റ് ഹൗസ് ഉദ്ഘാടനം ഇന്ന്
ബത്തേരി ∙ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിൽ 4.3 കോടി രൂപ ചെലവിൽ നവീകരിച്ച ബത്തേരി ഗവ.ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ഇന്നു ഉച്ചയ്ക്ക് 12.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിക്കും. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജി.അഭിലാഷ് തുടങ്ങിയവർ പങ്കെടുക്കും.