ADVERTISEMENT

പിണങ്ങോട്∙ തെക്കുംതറ മൈലാടിപ്പടി ചങ്ങാഴിമ്മൽ വിനീത് എന്ന അപ്പു ജീവനൊടുക്കിയത് അറിഞ്ഞ് നടുക്കവും ദുഃഖങ്ങളും വിട്ടൊഴിയാതെ ഗ്രാമം. അരീക്കോട് പൊലീസ് എടിഎസ് ക്യാംപിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് തണ്ടർ ബോൾട്ട് കമാൻഡർ ആയ വിനീതിന്റെ മരണമാണ് നാടിനെ ദുഖത്തിലാഴ്ത്തിയത്. ഇക്കഴിഞ്ഞ 10ന് ആയിരുന്നു അവസാനമായി വിനീത് നാട്ടിൽ എത്തിയത്. ഗർഭിണിയായ ഭാര്യ അനുഗ്രഹയെ ഡോക്ടറെ കാണിച്ചതിനു ശേഷം പിറ്റേ ദിവസം തിരികെ ജോലി സ്ഥലത്തേക്ക് പോവുകയും ചെയ്തു. 

എന്നാൽ പിന്നീട് ഭാര്യയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഡ്മിറ്റ് ചെയ്യേണ്ടി വന്നു. തുടർന്ന് ഇൻഷുറൻസ് നടപടികൾക്ക് ആവശ്യമായ രേഖകൾക്കു വേണ്ടി ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് കഴിഞ്ഞ ദിവസം മരണ വാർത്തയാണ് ബന്ധുക്കളെ തേടിയെത്തിയത്. പരിശീലന സെഷനിൽ ഓടിയെത്താൻ 30 സെക്കൻഡ് വൈകിയതിന് ലഭിച്ച ശിക്ഷയാണ് വിനീതിനെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. 

ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ നൽകിയ ലീവ് അപേക്ഷ നിരസിച്ചതായിരിക്കാം ഇദ്ദേഹത്തെ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. അവധിക്ക് വന്നാൽ നാട്ടിലെ എല്ലാ ചടങ്ങുകളിലും നിറ സാന്നിധ്യമായിരുന്ന വിനീതിന്റെ മരണത്തിൽ ദുഃഖം കടിച്ചമർത്തുകയാണ് ബന്ധുക്കളും നാട്ടുകാരും. രാത്രി 8ഓടെ വീട്ടിൽ എത്തിച്ച മൃതദേഹം കാണാൻ നാട് ഒന്നാകെ ഒഴുകിയെത്തി. തുടർന്ന് പൊലീസ് ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൻ കാശി വിനയ ചന്ദ്രൻ. ചങ്ങാഴിമ്മൽ ചന്ദ്രൻ–വത്സല ദമ്പതികളുടെ മകനാണ് മരിച്ച വിനീത്. സഹോദരൻ വിപിൻ.

English Summary:

Vineeth, known as Appu, a Special Operations Group Thunderbolt Commander, tragically died by suicide at the Areekode Police ATS camp, leaving his hometown of Thekkumthara Mylaadippady Changazhimmel in mourning. Vineeth had recently visited his family, taking his pregnant wife for a medical checkup, just days before the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com