ADVERTISEMENT

മാനന്തവാടി ∙ പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവ് മാതനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. കണിയാമ്പറ്റ പടിക്കംവയൽ പുത്തൻ പീടികയിൽ വീട്ടിൽ മുഹമ്മദ് അർഷിദ് (23), കണിയാമ്പറ്റ പച്ചിലക്കാട് പടിക്കം വയൽ കക്കാറയ്ക്കൽ വീട്ടിൽ അഭിരാം കെ.സുജിത്ത് (23) എന്നിവരെയാണു മാനന്തവാടി പൊലീസ് പിടികൂടിയത്. ബസിൽ കൽപറ്റയിലേക്കു പോകുന്നതിനിടെയാണിവരെ പിടികൂടിയത്. വാഹനം ഓടിച്ചത് അർഷിദാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തുടർ അന്വേഷണം എസ്എംഎസ് (സ്പെഷൽ മൊബൈൽ സ്ക്വാഡ് ) ഡിവൈഎസ്പിക്ക് കൈമാറി. 

പ്രതികളായ ടി.പി.നബീൽ കമർ, കെ.വിഷ്ണു എന്നിവർക്കായി പൊലീസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടിസിലെ ചിത്രങ്ങൾ
പ്രതികളായ ടി.പി.നബീൽ കമർ, കെ.വിഷ്ണു എന്നിവർക്കായി പൊലീസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടിസിലെ ചിത്രങ്ങൾ

പനമരം കുന്നുമ്മൽ വിഷ്ണു, പനമരം താഴെപുനത്തിൽ നബീൽ കമർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. തിരച്ചിൽ ഉൗർജിതമായി തുടരുകയാണ്. വധശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണു കേസ്. ഇവർ ഉപയോഗിച്ചിരുന്ന കാർ തിങ്കളാഴ്ച പിടികൂടിയിരുന്നു. ഇന്നലെ രാത്രി വൈകിയും ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഞായറാഴ്ച വൈകിട്ടാണ് കൂടൽക്കടവ് തടയണയിൽ കുളിക്കാൻ എത്തിയ യുവാക്കൾ ചെമ്മാട് ഉൗരിലെ മാതനെ കാറിൽ കുടുക്കി റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചത്. സാരമായി പരുക്കേറ്റ മാതൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

പ്രതികളും ചെക്ക് ഡാം കാണാൻ എത്തിയ മറ്റൊരു സംഘവും തമ്മിൽ വാക്കു തർക്കമുണ്ടായപ്പോഴാണ് മാതൻ ഇടപെട്ടത്. തുടർന്ന് ഇവർ മാതനെ ആക്രമിക്കുകയായിരുന്നു. മന്ത്രി ഒ.ആർ.കേളു, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി തുടങ്ങിയവർ ആശുപത്രിയിൽ മാതനെ സന്ദർശിച്ചു. കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന്  മാതന്റെ വീട് സന്ദർശിച്ച മന്ത്രി  ഉറപ്പ് നൽകി.  സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ളവരും സംഭവത്തിൽ ഇടപെട്ടു.  ഒളിവിലുള്ള പ്രതികളെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. മാനന്തവാടി സ്‌റ്റേഷൻ–04935 240232, എസ്എച്ച്ഒ മാനന്തവാടി– 9497987199.

വിനോദസഞ്ചാരികൾ റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് മാനന്തവാടി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പയ്യമ്പള്ളി കൂടൽകടവ് ചെമ്മാട് ഊരിലെ മാതനെ മന്ത്രി ഒ.ആർ.കേളു സന്ദർശിച്ചപ്പോൾ.
വിനോദസഞ്ചാരികൾ റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് മാനന്തവാടി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പയ്യമ്പള്ളി കൂടൽകടവ് ചെമ്മാട് ഊരിലെ മാതനെ മന്ത്രി ഒ.ആർ.കേളു സന്ദർശിച്ചപ്പോൾ.

മന്ത്രി ഒ.ആർ.കേളു മാതനെ സന്ദർശിച്ചു
മാനന്തവാടി ∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് ഊരിലെ മാതനെ മന്ത്രി ഒ.ആർ.കേളു സന്ദർശിച്ചു. മാതന് എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായും മുഴുവൻ പ്രതികളെയും അടിയന്തരമായി പിടികൂടാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. മാതന്റെ കൂടൽക്കടവ് ചെമ്മാട് കോളനിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും മന്ത്രി കണ്ടു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ആശുപത്രി സൂപ്രണ്ട് ഡോ.വി.പി.രാജേഷ്, സിപിഎം ഏരിയ സെക്രട്ടറി പി.ടി.ബിജു എന്നിവർ മന്ത്രിയെ അനുഗമിച്ചു.

English Summary:

Two arrested for dragging an tribe youth, Mathan, by car in Kerala Mananthavady. Police are searching for two others involved in the attempted murder. Minister O.R. Kelu and Chief Minister Pinarayi Vijayan have assured strict action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com