ആദിവാസികളോട് ക്രൂരത; പ്രതിഷേധം ഇരമ്പുന്നു
Mail This Article
മാനന്തവാടി ∙ കൂടൽക്കടവിൽ ആദിവാസിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിലും എടവകയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടു പോകേണ്ട സാഹചര്യം ഉണ്ടാക്കിയതിലും നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് മാനന്തവാടി–പനമരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മന്ത്രി ഒ.ആർ.കേളുവിന്റെ മാനന്തവാടിയിലെ ഓഫിസിലേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് ഉൾപ്പെടെയുള്ള വലിയ സുരക്ഷ സംവിധാനം ഒരുക്കിയിരുന്നു.
ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയമായ മന്ത്രി ഒ.ആർ.കേളു രാജി വയ്ക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം.നിഷാന്ത് അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൺ തൂപ്പുംങ്കര, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.ജി.ബിജു, പി.വി.ജോർജ്, എച്ച്.ബി.പ്രദീപ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് അംഗം രാജിവയ്ക്കണം: സിപിഎം
കൽപറ്റ ∙ സംഭവത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെയും വാർഡ് അംഗത്തിന്റെയും വീഴ്ച അന്വേഷിക്കണമെന്നും ഉത്തരവാദിത്തം നിറവേറ്റാത്ത പഞ്ചായത്ത് അംഗം രാജിവയ്ക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പഞ്ചായത്തിലെ നല്ലൂർനാട് അംബേദ്കർ ആശുപത്രിയിലും ആംബുലൻസുകൾ ഉണ്ടായിരുന്നു. ഇവ ലഭ്യമാക്കുന്നതിന് പഞ്ചായത്ത് അംഗമോ ഭരണസമിതിയോ ഇടപെട്ടില്ലെന്നും ആരോപിച്ചു.
ട്രൈബൽ വകുപ്പിന്റേത് ഗുരുതര അനാസ്ഥ
മാനന്തവാടി ∙ മന്ത്രി ഒ.ആർ.കേളുവിന്റെ മണ്ഡലത്തിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം അദ്ദേഹത്തിന്റെ കീഴിലുള്ള ട്രൈബൽ വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയാണെന്ന് എടവക പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾ പറഞ്ഞു. വകുപ്പിന്റെ വീഴ്ച മറച്ച് വയ്ക്കുന്നതിന് വേണ്ടി ഉത്തരവാദിത്തം യുഡിഎഫ് ഭരണസമിതിയുടെയും വാർഡ് മെമ്പറുടെയും ചുമലിൽ കെട്ടിവയ്ക്കാൻ സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ശ്രമങ്ങൾ ശക്തമായി നേരിടും. മന്ത്രിയെയും വകുപ്പിനെയും വെള്ള പൂശാനുള്ള സിപിഎം ശ്രമം ജനങ്ങൾ തിരിച്ചറിയുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മമ്മൂട്ടി വെട്ടൻ, ജനറൽ സെക്രട്ടറി സി.എച്ച്.ജമാൽ, കെ.ടി. അഷറഫ്, കെ.വി.സി.മുഹമ്മദ്, റഹീം അത്തിലൻ, കെ.അബ്ദുല്ല, കെ.മുത്തലിബ് എന്നിവർ പറഞ്ഞു.
‘ഒ.ആർ.കേളു രാജിവയ്ക്കണം’
മാനന്തവാടി ∙ ആദിവാസി വയോധിക ചുണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവം കേരളത്തിന് അപമാനമാണെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ഒ.ആർ.കേളു രാജിവെക്കണമെന്നും നല്ലൂർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജിൽസൺ തൂപ്പുംകര, കമ്മന മോഹനൻ, സി.പി.ശശിധരൻ, ജെൻസി ബിനോയ്, ഷിൽസൺ മാത്യു, ജീസസ് ജോൺ, തുറക്ക നാസർ, ബ്രാൻ അലി, മൊയ്തു മുതുവോടൻ, മോളി ടോമി എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ച് നടത്തി
മാനന്തവാടി ∙ ചുണ്ടമ്മയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിൽ കൊണ്ടു പോകുന്നതിന് ഇട വരുത്തിയ പഞ്ചായത്ത് അംഗം ജംഷീറ ശിഹാബ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റേയും എകെഎസിന്റേയും നേതൃത്വത്തിൽ എടവക പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി.സമരം എകെഎസ് ജില്ലാ പ്രസിഡന്റ് പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മനു കുഴിവേലിൽ, കെ.രാമചന്ദ്രൻ, കെ.ആർ.ജയപ്രകാശ്, പി.പ്രസന്നൻ, നജീബ് മണ്ണാർ, സി.ആർ.രമേശൻ, എം.പി.വത്സൻ, ലത വിജയൻ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധം;ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു
∙പ്രതിഷേധത്തെ തുടർന്ന് ട്രൈബൽ പ്രമോട്ടർ മഹേഷ്കുമാറിനെ സസ്പെൻഡ് ചെയ്തു. ആദിവാസികളുടെ പേരിൽ ഇടത്–വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.തിങ്കളാഴ്ച വൈകിട്ട് എടവക പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ മാനന്തവാടി ട്രൈബൽ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.