അണ്ടർ 20 ഫുട്‌ബോൾ: കോഴിക്കോടിനെ തകർത്ത് വയനാട് ഫൈനലിൽ
Mail This Article
മരവയൽ ∙ അണ്ടർ 20 സംസ്ഥാന ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് കോഴിക്കോടിനെ തകർത്ത് വയനാട് ഫൈനലിൽ കടന്നു. കളിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച വയനാടിനെ പ്രതിരോധിക്കാൻ കോഴിക്കോട് പാടുപ്പെട്ടു. 13–ാം മിനിറ്റിൽ വയനാട് മുന്നിലെത്തി. വലതുവിങ്ങിലൂടെ മുന്നേറിയ വയനാടിന്റെ മുഹമ്മദ് അദ്‌നാൻ കോഴിക്കോടിന്റെ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ആദ്യ ഗോൾ നേടി. ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്നു കോഴിക്കോട് മുക്തരാകും മുൻപേ വയനാട് 2–ാം ഗോൾ കണ്ടെത്തി. 17–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ഗോകുൽരാജ് ഗോളാക്കി മാറ്റി. നിരന്തര ആക്രമണങ്ങൾക്കൊടുവിൽ 35–ാം മിനിറ്റിൽ വയനാട് 3–ാം ഗോൾ നേടി. വലതുവിങ്ങിൽ നിന്നെത്തിയ ഷോട്ട് പിടിച്ചെടുക്കാനുള്ള ഗോൾകീപ്പറുടെ ശ്രമം പരാജയപ്പെട്ടു.
വഴുതിവീണ പന്ത് കോഴിക്കോടിന്റെ പ്രതിരോധനിര താരം അടിച്ചകറ്റാൻ ശ്രമിക്കുന്നതിനിടെ അമൽ സിനാജ് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്പോഴേക്കും കളി വയനാട് വരുതിയിലാക്കിയിരുന്നു. 2–ാം പകുതിയുടെ ഭൂരിഭാഗം സമയങ്ങളിലും കോഴിക്കോടിന് കാഴ്ചക്കാരായി നിൽക്കാനേ സാധിച്ചുള്ളൂ. വയനാടിന്റെ മുന്നേറ്റനിര കോഴിക്കോടിന്റെ ഗോൾമുഖത്തു നിരന്തരം ഇരമ്പിയെത്തി. ഒടുവിൽ 67–ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്നു ലഭിച്ച ക്രോസിന് തലവച്ച് മുഹമ്മദ് അദ്നാൻ വയനാടിന്റെ ലീഡ് 4 ആക്കി മാറ്റി.86–ാം മിനിറ്റിൽ ഗോകുൽരാജ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി വയനാടിന്റെ ലീഡ് 5 ആക്കി ഉയർത്തി. ഇന്ന് രാത്രി 7ന് നടക്കുന്ന കാസർകോട്–മലപ്പുറം സെമിഫൈനൽ മത്സര വിജയികളുമായി 19ന് ഫൈനലിൽ വയനാട് ഏറ്റുമുട്ടും.