വനമേഖലയിൽ കാട്ടാനകളുടെ ദേശാടനം
Mail This Article
പുൽപള്ളി ∙ പ്രകൃതിയിലെ മാറ്റങ്ങൾക്കനുസരിച്ച് കാട്ടാനകളുടെ ദേശാടനവും ആരംഭിച്ചു. മഴ മാറ്റത്തോടെ ഇപ്പോഴുള്ള സ്ഥലങ്ങളിൽനിന്നു മറ്റിടങ്ങളിലേക്ക് ആനകൾ നീങ്ങിത്തുടങ്ങി. നാട്ടിൽ നെല്ല് വിളയുന്നതോടെ ദൂരെദിക്കുകളിൽ നിന്നുപോലും ആനകൾ പതിവായെത്തുമെന്ന് വനപാലകർ പറയുന്നു. വേനൽ ആരംഭത്തോടെ തീറ്റയും വെള്ളവും ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ഇവകൂട്ടത്തോടെ എത്താറുണ്ട്. നീലഗിരി ജൈവമണ്ഡലത്തിൽ കബനിയുടെ തീരവും കൈവഴികളും കേന്ദ്രീകരിച്ചാണ് വേനലിൽ ആനകളെത്തുന്നത്. കർണാടകയിലെ നാഗർഹൊള, മുതുമല, ബന്ദിപ്പൂർ, വയനാട് വന്യജീവിസങ്കേതം എന്നിവിടങ്ങളിൽ നിന്ന് ആനകൾ കൂട്ടത്തോടെ കബനീതീരത്തെ വനപ്രദേശത്തെത്തും.
വേനൽ അവസാനിച്ച് മഴക്കാലമാകുമ്പോഴാണ് മടക്കം. വന്യജീവിസങ്കേതത്തിലെ മുത്തങ്ങ, കുറിച്യാട്, തോൽപെട്ടി റേഞ്ചുകളിലേക്കും ദേശാടനക്കാരെത്തുന്ന പതിവുണ്ട്. സംസ്ഥാനങ്ങൾ പിന്നിടുന്ന ദേശാടനവും നടക്കാറുണ്ട്. ആറളം വനമേഖലയിൽ നിന്ന് ഇവിടത്തെ വനമേഖലയിലേക്കും തിരിച്ചും കാട്ടാനകൾ സഞ്ചരിക്കുന്നെന്ന് വനപാലകർ പറയുന്നു. വനത്തിലൂടെയും നാട്ടിലൂടെയുമാണ് യാത്ര. ചിലയാനകൾ രാത്രി നാട്ടിലൂടെ പതുങ്ങിയാത്ര ചെയ്യുമ്പോൾ മറ്റുചിലത് കൃഷിയിടങ്ങളിൽ കയറിയിറങ്ങി ദിവസങ്ങളെടുത്താണ് ലക്ഷ്യത്തിലെത്തുക. വേനൽ ശക്തമാകുമ്പോൾ കർണാടകവനത്തിൽ വന്യമൃഗങ്ങൾ നിൽക്കാറില്ല.
തേക്ക് വളരുന്ന വനത്തിലും മൃഗങ്ങൾ തങ്ങാറില്ല.ആനകളടക്കമുള്ള വന്യമൃഗങ്ങളുടെ എണ്ണംവർധിക്കുന്നതും വനത്തിൽ ആവശ്യത്തിനു ഭക്ഷണം ലഭിക്കാത്തതും മൃഗങ്ങൾ കാടിറങ്ങാൻ കാരണമാകുന്നു. എല്ലാ വർഷവും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ വന്യമൃഗശല്യം രൂക്ഷമാകാറുണ്ട്. ശല്യക്കാരല്ലാത്തവ ഉൾവനത്തിലേക്ക് വലിയുകയും കുഴപ്പക്കാർ വനാതിർത്തികളിൽ തങ്ങുകയും ചെയ്യുന്നു. രാത്രിസമയങ്ങളിൽ വനപാതകളിലൂടെയുള്ള യാത്ര ശ്രദ്ധിക്കണമെന്നും വനപ്രദേശങ്ങളിൽ കന്നുകാലികളെ മേയ്ക്കാനും വിറകെടുക്കാനും പ്രവേശിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും വനപാലകർ മുന്നറിയിപ്പു നൽകുന്നുണ്ട്.