കടം പറഞ്ഞ് മടുത്തു; ജില്ലാ സ്പോർട്സ് ഹോസ്റ്റലുകളിലെ കായിക താരങ്ങൾ ഇപ്പോൾ പട്ടിണിപ്പരുവം
Mail This Article
കൽപറ്റ ∙ ജില്ലാ സ്പോർട്സ് ഹോസ്റ്റലുകളിലെ (സ്പോർട്സ് അക്കാദമി) കായിക താരങ്ങൾ ഇനിയും 'ഒഴിഞ്ഞ വയറു'കളുമായി മത്സരങ്ങൾക്കിറങ്ങേണ്ടി വരും. ഹോസ്റ്റലിലേക്കുള്ള സാധനങ്ങൾ വാങ്ങിയ വകയിൽ വ്യാപാരികൾക്കു കൊടുക്കാനുള്ള തുകയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. കുടിശിക തുക കിട്ടാനുള്ളതിനാൽ സ്പോർട്സ് ഹോസ്റ്റലുകൾക്ക് ഇനി സാധനങ്ങൾ വിതരണം ചെയ്യേണ്ട എന്ന നിലപാടിലാണ് വ്യാപാരികൾ. ഹോസ്റ്റലുകളിലെ അടുക്കളകളിലേക്കുള്ള സാധനങ്ങൾ വാങ്ങിയ വകയിൽ മാത്രം ലക്ഷക്കണക്കിനു രൂപയാണു കൊടുക്കാനുള്ളത്.
ഇറച്ചിക്കടകൾ, പാചകവാതക ഏജൻസികൾ എന്നിവർക്കുള്ള ഫണ്ട് കൂടിയാകുമ്പോൾ കുടിശിക തുക ഇനിയും കൂടും. കഴിഞ്ഞ 6 മാസമായി തുക വിതരണം ചെയ്തിട്ടില്ല. ഇത്രയും വലിയ തുക കിട്ടാനുള്ളതിനാൽ പുതിയ ചരക്കിറക്കുന്നതിനുൾപ്പെടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. മുണ്ടേരി മരവയൽ, പുൽപള്ളി കോളറാട്ടുകുന്ന്, ബത്തേരി എന്നിവിടങ്ങളിലായി 3 സ്പോർട്സ് ഹോസ്റ്റലുകളാണുള്ളത്. മരവയലിൽ 43 കുട്ടികളും കോളറാട്ടുകുന്നിൽ 39 കുട്ടികളും ബത്തേരിയിൽ 21 കുട്ടികളുമാണുള്ളത്.
സാധനങ്ങൾ പരിമിതപ്പെടുത്തി
ലക്ഷങ്ങൾ കുടിശികയായതോടെ മരവയലിലെ ഹോസ്റ്റലിലേക്ക് സാധനം നൽകുന്നത് വ്യാപാര സ്ഥാപനങ്ങൾ പരിമിതപ്പെടുത്തി. 10 ലീറ്റർ വെളിച്ചെണ്ണ ആവശ്യപ്പെട്ടാൽ 4 ലീറ്ററാണ് നൽകുന്നത്. മുട്ടയുൾപ്പെടെയുള്ള സാധനങ്ങൾ ലഭിക്കുന്നില്ല. കായിക താരങ്ങൾക്ക് കഷ്ടിച്ചാണ് ഭക്ഷണം നൽകുന്നത്. ജില്ലയിലെ മറ്റു ഹോസ്റ്റലുകളുടെ സ്ഥിതിയും സമാനമാണ്. പാലും മുട്ടയും മാംസവും ഉൾപ്പെടെ ഒരു കുട്ടിക്ക് 250 രൂപയുടെ ഭക്ഷണമാണു ദിവസവും നൽകേണ്ടത്. തുക കുടിശികയായതോടെ നിലവിൽ കായികതാരങ്ങൾക്കു ഇൗ മെനു അനുസരിച്ചുള്ള ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കുന്നില്ല.
ഹോസ്റ്റൽ ഭക്ഷണത്തിനുള്ള തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 22ന് സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ താരങ്ങൾ രാപകൽ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. തുടർന്ന്, നവംബർ 30നുള്ളിൽ മുഴുവൻ തുകയും അനുവദിക്കുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചതോടെ സമരം പിൻവലിച്ചു. എന്നാൽ, തുക ഇതുവരെ ലഭ്യമായിട്ടില്ല.
ജീവനക്കാർക്ക് ചെറിയ ആശ്വാസം
ഹോസ്റ്റലിലേക്കുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിയതിലുള്ള കുടിശിക തുക അനുവദിച്ചില്ലെങ്കിലും സ്പോർട്സ് ഹോസ്റ്റൽ ജീവനക്കാർക്ക് താൽക്കാലിക ആശ്വാസമായി 2 മാസത്തെ ശമ്പളം അനുവദിച്ചു. പരിശീലകർ, വാർഡൻമാർ, അസിസ്റ്റന്റ് കുക്കുമാർ എന്നിവർക്കാണ് ഒക്ടോബർ വരെയുള്ള ശമ്പളം ലഭിച്ചത്. അതേസമയം, കുക്കുമാർക്ക് ശമ്പളം ലഭിച്ചില്ല. ബിൽ ട്രഷറിയിൽ നിന്നു മടങ്ങിയതിനാലാണ് വിതരണം നടക്കാത്തതെന്നും ഉടൻ പാചകക്കാരുടെ ശമ്പളവും ലഭിക്കുമെന്ന് അധികൃതർ പറയുന്നു.