വേണം, ‘ബുള്ളറ്റ്’ മെക്കാനിക്കിനെ! കാട്ടാനയുടെ ആക്രമണം തുടരുന്നു, വീട് തകർത്തു
Mail This Article
പന്തല്ലൂർ ∙ മേഖലയിൽ ‘ബുള്ളറ്റ്’ എന്ന കാട്ടാനയുടെ ആക്രമണം തുടരുന്നു. കഴിഞ്ഞദിവസം പുലർച്ചെ പടശ്ശേരിയിലെത്തിയ കാട്ടാന വീട് തകർത്തു. പ്രദേശവാസിയായ ജാനകിയുടെ വീടാണു തകർത്തത്. മുൻവശത്തെ വാതിൽ തകർത്ത് അകത്തു കയറിയ കാട്ടാന വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ തിന്നു തീർത്തു.ശബ്ദം കേട്ടുണർന്ന ജാനകിയും കൊച്ചുമകൾ രേഷ്മയും കിടപ്പുമുറിയിലെ കട്ടിലിന് അടിയിലേക്ക് മാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് കാട്ടാനയെ തുരത്തി.
തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനിടെയാണ് കട്ടിലിന്റെ അടിയിലായി ജാനകിയെയും കൊച്ചുമകളെയും കണ്ടത്. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം കാട്ടാന തകർത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ പന്തല്ലൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലായി 22 വീടുകളാണ് ഈ കാട്ടാന തകർത്തത്. കഴിഞ്ഞ ഒരാഴ്ച മാത്രം 13 വീടുകൾ കാട്ടാന നശിപ്പിച്ചു. ഏക്കറുക്കണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചു. പകൽസമയങ്ങളിൽ ഏലിയാസ് കട മേഖലയിലാണ് കാട്ടാന തമ്പടിക്കുന്നത്. വൈകിട്ടോടെ ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടാന കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കും. കാട്ടാനയുടെ നീക്കം നിരീക്ഷിക്കാനായി വനപാലക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നല്ലാതെ മറ്റു നടപടികളൊന്നും ഇതുവരെയായിട്ടും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല.