ADVERTISEMENT

ബത്തേരി ∙ പതിനാറാമത് സിപിഎം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കമുള്ള നേതാക്കൾ രാവിലെ മുതൽ തന്നെ സമ്മേളന നഗരിയിലേക്കെത്തിയിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി, പി.സതീദേവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ബിജു, ടി.പി.രാമകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ ഒ.ആർ. കേളു, സി.കെ.ശശീന്ദ്രൻ, കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയർ രാവിലെ മുതൽ സമ്മേളനത്തിൽ പങ്കെടുത്തു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ഉഷാകുമാരി പതാക ഉയർത്തി.തുടർന്ന് പ്രതിനിധികൾ ഒത്തു ചേർന്ന രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പതാക ഗാനാലാപനത്തിന് ശേഷം സമ്മേളന നടപടികൾ ആരംഭിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. സഹദേവൻ താൽക്കാലിക അധ്യക്ഷനായി. പ്രസീഡിയം, ക്രഡൻഷ്യൽ, പ്രമേയം മിനിറ്റ്സ്, റജിസ്ട്രേഷൻ കമ്മിറ്റികളെ തിരഞ്ഞെടുത്തു. രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും എ.എൻ. പ്രഭാകരനും പി.കെ. സുരേഷും അവതരിപ്പിച്ചു.

ബത്തേരിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. എം.വി.ജയരാജൻ, പി.സതീദേവി, പി.കെ.ബിജു, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എളമരം കരീം, പി.ഗഗാറിൻ, ടി.പി.രാമകൃഷ്ണൻ, പി.വി.സഹദേവൻ, വി.വി.ബേബി, സി.കെ.സഹദേവൻ തുടങ്ങിയവർ സമീപം. ചിത്രം:മനോരമ
ബത്തേരിയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു. എം.വി.ജയരാജൻ, പി.സതീദേവി, പി.കെ.ബിജു, പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എളമരം കരീം, പി.ഗഗാറിൻ, ടി.പി.രാമകൃഷ്ണൻ, പി.വി.സഹദേവൻ, വി.വി.ബേബി, സി.കെ.സഹദേവൻ തുടങ്ങിയവർ സമീപം. ചിത്രം:മനോരമ

സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ നിർവഹിച്ചു. പ്രവർത്തന റിപ്പോർട്ട് ജില്ല സെക്രട്ടറി പി.ഗഗാറിൻ അവതരിപ്പിച്ചു. വി.വി. ബേബി, പി.ആർ. ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. പൊതു ചർച്ച ഇന്ന് രാവിലെ മുതൽ നടക്കും. വൈകിട്ട് 5 ന് നഗരസഭ ടൗൺഹാളിൽ പ്രഫ. കെഇഎൻ കുഞ്ഞമ്മദ് പങ്കെടുക്കുന്ന സെമിനാർ നടക്കും.

‘മുസ്‌ലിം വീടുകൾ തകർക്കാത്തത് പിണറായി സർക്കാർ ഉള്ളതുകൊണ്ട്’
ബത്തേരി ∙ ഒട്ടും മനുഷ്യത്വമില്ലാതെയാണ് കേന്ദ്രസർക്കാർ രാജ്യം ഭരിക്കുന്നതെന്നും കേരളത്തിൽ പിണറായി വിജയൻ ഉള്ളതുകൊണ്ടാണ് ഉത്തരേന്ത്യയിലെപ്പോലെ മുസ്‌ലിങ്ങളുടെ വീടുകൾ ഇടിച്ചു തകർക്കാത്തതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ഉയർത്തിപ്പിടിക്കുന്ന ഭരണഘടനയിൽ സോഷ്യലിസവും മതനിരപേക്ഷതയും ഇല്ല. കോർപറേറ്റ് മുതലാളിമാരുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെയാണു മോദിയുടെ ഭരണം.

സംസ്ഥാന സർക്കാർ കൊടുക്കുന്ന 4 ലക്ഷം രൂപ ഉപയോഗിച്ചു പണിയുന്ന ലൈഫ് വീടുകളിൽ കേന്ദ്രം 15,000 രൂപ കൊടുക്കുന്നതിനാൽ നരേന്ദ്രമോദിയുടെ പടം വയ്ക്കണമെന്നാണു ബിജെപി പറയുന്നത്. തികഞ്ഞ വർഗീയവാദികൾക്കു മാത്രമേ പാവങ്ങളോട് ഇങ്ങനെ പെരുമാറാനാകൂ. സിപിഎമ്മിന്റെ ഏറ്റവും വലിയ അടിത്തറ പാർട്ടി അംഗങ്ങളാണ്.കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത് നടപ്പിലാക്കിയത് സംബന്ധിച്ച് സൂഷ്മ പരിശോധന മുൻകൂട്ടി നടത്തിയാണ് പുതിയ നയരൂപീകരണ രേഖ പാർട്ടി തയാറാക്കുന്നത്.

പൂർണ ജനാധിപത്യ ഉള്ളടക്കത്തോടെയാണ് നയരൂപീകരണം. ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കുന്നതിനും രാജ്യതാൽപര്യം കണക്കിലെടുത്തുമാണ് ഇന്ത്യാമുന്നണിയിൽ സിപിഎം ചേർന്നത്. മുഴുവൻ പ്രാദേശിക കക്ഷികളെയും ഇന്ത്യാ സഖ്യത്തിലേക്ക് കൊണ്ടുവരണം.എല്ലാവരും ഒരുമിച്ചാൽ തന്നെ ബിജെപിയെ തടുക്കുക ബുദ്ധിമുട്ടാണ്. പിന്നയാണ് കോൺഗ്രസ് ഒറ്റക്ക് തോൽപ്പിക്കുമെന്ന് പറയുന്നത് – വിജയരാഘവൻ പറ‍ഞ്ഞു.

ആദ്യകാല നേതാക്കളെ ആദരിച്ചു
ബത്തേരി∙ സിപിഎം ജില്ലാ സമ്മേളന വേദിയിൽ ആദ്യകാല നേതാക്കളെ ആദരിച്ചു. കെ.വി.മോഹനൻ, പി.വി.വേലായുധൻ, കെ.എൻ.സുബ്രഹ്മണ്യൻ, പി.പി.ശങ്കരൻ നമ്പ്യാർ, സി.യു.ഏലമ്മ, പി.ജെ.ആന്റണി, പി.എസ്. ജനാർദനൻ, കെ.ശശാങ്കൻ എന്നിവരാണ് ആദരിക്കപ്പെട്ടത്.

കേന്ദ്ര നയത്തിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത്  പ്രമേയം
ബത്തേരി∙ കേരളത്തിന്റെ സഹായങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന തരത്തിലാണ് ഉരുൾ ദുരന്തത്തിലടക്കം കേന്ദ്ര സർക്കാരിന്റെ ഇടപെടലെന്നും അതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സിപിഎം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരന്തത്തിനിരയായവരെ മുഴുവൻ പുനരധിവസിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റെടുത്ത സ്‌ഥലം സംബന്ധിച്ച കേസുകൾക്ക് പരിഹാരം കണ്ട് പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.കേന്ദ്രം സഹായം നൽകുമെന്നായിരുന്നു പ്രതീക്ഷ.

സമ്മേളനത്തിൽ ചർച്ചയായി ബ്രഹ്മഗിരി
ബത്തേരി ∙ സിപിഎമ്മിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ മലബാർ മീറ്റ് ഫാക്ടറിയിൽ ‍പണം നിക്ഷേപിച്ച് പൗൾട്രി ഫാം തുടങ്ങിയ വനിതകൾ പരാതിയുമായി സമ്മേളന നഗരിയിൽ. ബ്രഹ്മഗിരിയിൽ നിക്ഷേപിച്ച 2.61 ലക്ഷം രൂപയും കോഴിയുടെ വളർത്തുകൂലിയായ 10,000 രൂപയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനവും പരാതിയുമായി 3 വനിതകൾ എത്തിയത്. മന്ത്രി ഒ.ആർ. കേളു, നേതാക്കളായ എ.വിജയരാഘവൻ, എളമരം കരിം ടി.പി. രാമകൃഷ്ണൻ എന്നിവർക്കാണ് നിവേദനം നൽ‍കിയത്.

ഇ.പി.ജയരാജനോടും പി.ഗഗാറിനോടും വനിതകൾ സംസാരിക്കുകയും ചെയ്തു. ബ്രഹ്മഗിരിയിൽ പണം നിക്ഷേപിച്ച മുസ്തഫ എന്നയാളും പരാതിയുമായി സമ്മേളന വേദിയിലെത്തി. അനിത, ബിന്ദു, ഷാജിമോൾ, ഗീത എന്നിവർ ചേർന്നാണ് ഫാം നടത്തിയിരുന്നത്. അധ്വാനിച്ചുണ്ടാക്കിയ പണം തിരികെ കിട്ടണമെന്നും കേസുമായി മുന്നോട്ടു പോകുമെന്നും സമ്മേളന വേദിയിലെത്തിയ അനിത പറഞ്ഞു. പ്രവർത്തനം നിലച്ച മലബാർ മീറ്റ് ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

English Summary:

CPM District Conference begins in Bathery. Key leaders from the party's central committee are present at the auspicious event in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com