ഉരുൾപൊട്ടൽ പുനരധിവാസം: കരടുപട്ടികയിൽ വീണ്ടും ആക്ഷേപം; പേരുകൾ ആവർത്തിച്ചു, അർഹരായ പലരും പുറത്ത്
Mail This Article
മേപ്പാടി ∙ ദുരന്തമുണ്ടായി നാലരമാസത്തിനുശേഷം മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതി ഗുണഭോക്താക്കൾക്കായി സർക്കാർ തയാറാക്കിയ കരടുപട്ടികയിൽ വീണ്ടും ആക്ഷേപം. 11–ാം വാർഡായ മുണ്ടക്കൈയിലെ ഗുണഭോക്താക്കളുടെ പട്ടികയിൽ 65 ലധികം പേരുകൾ ആവർത്തിച്ചതായി ദുരന്തബാധിതർ പറയുന്നു. ഒരു വീട്ടിൽ തന്നെ രണ്ടും മുന്നും പേർ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ അർഹരായ പലരും പുറത്തായി. പൂർണമായും ഉരുളെടുത്ത് പോയി ആരും അവശേഷിച്ചിട്ടില്ലാത്ത കുടുംബങ്ങളും പട്ടികയിലുണ്ട്.
10, 12 വാർഡുകളിലെ പട്ടികയിലും ഇരട്ടിപ്പും അർഹർ പട്ടികയിൽ നിന്നു ഒഴിവാക്കപ്പെടുകയും ചെയ്തു. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിന് സമീപത്തെ പുഞ്ചിരിമട്ടത്തുള്ള വീടുകൾ വരെ പുതിയ പട്ടികയിൽ നിന്നു ഒഴിവാക്കപ്പെട്ടു. പ്രാദേശികമായി ആളുകളെ പരിചയമില്ലാത്ത ഉദ്യോഗസ്ഥർ പട്ടിക തയാറാക്കിയതിനാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് ദുരന്തബാധിതരുടെ ആരോപണം. സർവകക്ഷിയോഗം ചേർന്ന് പഞ്ചായത്ത് തയാറാക്കിയ പട്ടികയിൽ 521 പേരുണ്ടായിരുന്നു. എന്നാൽ, ഇതിനു ശേഷമാണു മാനദണ്ഡങ്ങൾ പുനർനിർണയിച്ച് കരടുപട്ടിക വീണ്ടും തയാറാക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങിയത്.
സർവകക്ഷിയോഗം അംഗീകരിച്ച പ്രാഥമിക പട്ടിക നിലവിലുണ്ടെന്നിരിക്കെ മറ്റൊരു പട്ടിക നൽകാൻ സബ് കലക്ടറോട് ആവശ്യപ്പെടുന്നത് പുനരധിവാസ പ്രവർത്തനങ്ങൾ സങ്കീർണമാക്കുമെന്ന ആശങ്ക നേരത്തെ തന്നെ ഉയർന്നതാണ്. ഇപ്പോൾ ഇറങ്ങിയത് കരടുപട്ടിക മാത്രമാണെന്നും വേണ്ട കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തി അർഹരായ എല്ലാവരെയും ഉൾപ്പെടുത്തി മാത്രമേ പട്ടിക അന്തിമമാക്കൂവെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്.
എന്നാൽ, പുനരധിവാസ പ്രക്രിയയുടെ ആദ്യപടിയായ പട്ടിക തയാറാക്കൽ പോലും പല വകുപ്പുകൾ ഏകോപനമില്ലാതെ നടത്തി പദ്ധതി നടത്തിപ്പ് സങ്കീർണമാക്കുകയാണെന്നാണു ദുരന്തബാധിതരുടെ ആരോപണം.കരടു പട്ടിക തയാറാക്കിയ ഉദ്യോഗസ്ഥർ പഞ്ചായത്തിന്റെ പട്ടിക പരിഗണിച്ചില്ല. പഞ്ചായത്ത് ഭരണസമിതിയെ ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തില്ലെന്ന് പഞ്ചായത്ത് അധികൃതരും ആരോപിക്കുന്നു. കരടു പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പഞ്ചായത്തിന് നൽകാൻ പോലും റവന്യുവകുപ്പ് തയാറായില്ല.
ഇതിനിടെ, ഒന്നാംഘട്ട കരടു പട്ടികയിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിൽ ദുരന്തബാധിതരും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഇന്നലെ പ്രതിഷേധിച്ചിരുന്നു. എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറെ ദുരന്തബാധിതർ മണിക്കൂറുകളോളം ഉപരോധിച്ചു. തുടർന്നു എഡിഎം കെ.ദേവകി സ്ഥലത്തെത്തി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി യോഗം ചേർന്ന് കരടുപട്ടികയിലെ തെറ്റുകൾ തിരുത്തുമെന്നു ദുരന്തബാധിതർക്കു ഉറപ്പു നൽകി.