ശാന്തിദൂതുമായി പുൽപള്ളിയിൽ വൻ ക്രിസ്മസ് റാലി
Mail This Article
പുൽപള്ളി ∙ യേശുക്രിസ്തു നൽകിയ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉരുവിട്ട് പുൽപള്ളിയിൽ വൻ ക്രിസ്മസ് റാലിനടത്തി. മുള്ളൻകൊല്ലി ഫൊറോനയുടെ കീഴിലുള്ള 12 ഇടവകകളിലെ വിശ്വാസികൾ അണിനിരന്ന വർണശബളമായ റാലി വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ തുടക്കമായി.
താന്നിത്തെരുവിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിന് ക്രിസ്മസ് പാപ്പമാരും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും മുത്തുക്കുടകളും സ്ഥാനംപിടിച്ചു. 12 ഇടവകകളിലെ ഗായകസംഘം ക്രിസ്മസ് കാരൾ ആലപിച്ചു. ഫൊറോനാ വികാരി ഫാ.ജെസ്റ്റിൻ മൂന്നാനാൽ റാലി ഉദ്ഘാടനം ചെയ്തു. ഫാ.ജെയിംസ് പുത്തൻപറമ്പിൽ, ഫാ.ബിജു മാവറ എന്നിവർ പ്രസംഗിച്ചു. താഴെയങ്ങാടി വഴി നഗരപ്രദക്ഷിണം നടത്തിയ റാലി ടൗൺതിരുഹൃദയപള്ളിയിൽ സമാപിച്ചു. മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം സന്ദേശം നൽകി.
സമൂഹത്തിന് നന്മ ചെയ്യാൻ ക്രൈസ്തവന് ഊർജം ലഭിക്കുന്ന അവസരമാണ് ക്രിസ്മസ് എന്ന് അദ്ദേഹം പറഞ്ഞു. ഫാ.ജോർജ് മൈലാടൂർ, ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ, ഫാ.ജോർജ് കപ്പുകാലായിൽ, ഫാ.മാത്യു കറുത്തേടത്ത്, ഫാ.സോണി വടയാപറമ്പിൽ, ഫാ.മാത്യു ചെമ്പക്കര, മാതൃവേദി രൂപതാ പ്രസിഡന്റ് മേഴ്സി ബെന്നി, ഡോ.സാജു കൊല്ലപ്പള്ളി, ബാബു നമ്പൂടാകം എന്നിവർ പ്രസംഗിച്ചു. ഫാ.അഖിൽ ഉപ്പുവീട്ടിൽ, ബ്രിജേഷ് കാട്ടാംകോട്ടിൽ, രാജു പുതുപ്പറമ്പിൽ, തങ്കച്ചൻ അമരികാട്ട്, ഷാജി മുത്തുമാക്കുഴി, പി.എ.ഡീവൻസ് എന്നിവർ നേതൃത്വം നൽകി.