പാതയോരത്തെ കാടും കാട്ടുപന്നികളും യാത്രക്കാർക്ക് ഭീഷണി
Mail This Article
പനമരം ∙ പാതയോരങ്ങളിൽ ഇരുവശത്തും വളർന്നു പന്തലിച്ച കാടുകളിൽ രാപകലില്ലാത്ത പാർക്കുന്ന കാട്ടുപന്നികൾ വഴിയാത്രക്കാർക്ക് ഭീഷണി. പാതയോരത്തെ കാടുകളിൽ നിന്ന് പൊടുന്നനെ റോഡിലേക്ക് ചാടുന്ന പന്നിക്കൂട്ടം ഇരുചക്രവാഹനയാത്രക്കാർക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. രാത്രികാലങ്ങളിൽ ഇരുചക്രവാഹനത്തിന്റെ വെളിച്ചം കാണുന്നതോടെ അടുത്ത കൃഷിയിടത്തിൽ നിന്ന് റോഡിലേക്ക് ചാടുന്ന കാട്ടുപന്നികൾ പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്നു.
വനാതിർത്തി പാതകളിലൂടെ രാത്രി യാത്ര പോകുന്നവരും പുലർച്ചെ നടക്കാനിറങ്ങുന്നവരും റബർ ടാപ്പിങ് തൊഴിലാളികളും പാതയോരങ്ങളിൽ തമ്പടിക്കുന്ന കാട്ടുപന്നികൾ മൂലം പൊറുതിമുട്ടുകയാണ്. പനമരം - ബീനാച്ചി, ദാസനക്കര - പുൽപളളി, ബത്തേരി - പുൽപള്ളി, കേണിച്ചിറ - ഇരുളം തുടങ്ങിയ പ്രധാന റോഡുകളിലടക്കം കാട്ടുപന്നികളുടെ കൂട്ടം പതിവുകാഴ്ചയാണ്.
വലിയ വാഹനങ്ങൾ കാട്ടുപന്നികളെ കണ്ട് ഹോണടിച്ചു പോയാലും പാതയോരത്ത് നിൽക്കുന്ന പന്നിക്കൂട്ടം മാറാൻ കൂട്ടാക്കാറില്ല. പാതയോരത്തെ കാടുകൾ നീക്കം ചെയ്യാത്തതും മാലിന്യം തള്ളുന്നതുമാണു റോഡിന്റെ വശങ്ങളിൽ പന്നിക്കൂട്ടം തമ്പടിക്കാൻ പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു.