അയ്യപ്പ ദർശനത്തിനായി 101–ാം വയസ്സിലും പാറുക്കുട്ടിയമ്മ
Mail This Article
മൂന്നാനക്കുഴി ∙ 101-ാം വയസ്സിലും പതിനെട്ടാം പടി കയറി അയ്യനെക്കാണാൻ മാളികപ്പുറം യാത്ര തിരിച്ചു. മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് രണ്ടാം വട്ടം ശബരിമല കയറാൻ മകളുടെ മകനോടും അവരുടെ മക്കളോടും ഒപ്പം യാത്ര തിരിച്ചത്. ഇന്നലെ വൈകിട്ട് പമ്പയിൽ എത്തിയ പാറുക്കുട്ടിയമ്മയും മൂന്ന് തലമുറയിൽ പെട്ട കൊച്ചുമക്കളും ചേർന്ന് ഇന്ന് രാവിലെ മലകയറി സന്നിധാനത്ത് എത്തും. ശനി രാവിലെ കോളേരി ശ്രീനാരായണഗുരു ഷണ്മുഖ ക്ഷേത്രത്തിൽ കെട്ടുനിറച്ചു.
കേൾവി ശക്തിക്ക് അൽപം കുറവുണ്ടെങ്കിലും അയ്യപ്പ ദർശനത്തിന് തടസ്സങ്ങൾ ഇല്ലെന്നതു കൊണ്ടുതന്നെയാണ് പ്രായത്തെ അവഗണിച്ച് ചുറുചുറുക്കോടെ പാറുക്കുട്ടിയമ്മ ദർശനത്തിനായി യാത്ര തിരിച്ചത്. നൂറാം വയസ്സിൽ കഴിഞ്ഞവർഷമായിരുന്നു ആദ്യമായി പാറുക്കുട്ടിയമ്മ മല കയറിയത്. അന്ന് തിക്കും തിരക്കും ഇല്ലാതെ അയ്യപ്പനെ ദർശിക്കാൻ ദേവസ്വം ബോർഡ് അടക്കം സൗകര്യമൊരുക്കിയതാണ് ഈ വർഷവും മലകയറാൻ തീരുമാനിച്ചതെന്ന് പാറുക്കുട്ടിയമ്മ പറയുന്നു.ഇക്കുറിയും പാറുക്കുട്ടിയമ്മയ്ക്ക് വിശ്രമിക്കാനും മലകയറാനും തടസ്സങ്ങൾ ഇല്ലാതെ ദർശനം നടത്താനും എല്ലാ വിധ സൗകര്യവും ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ദേവസ്വം ബോർഡും ചേർന്ന് ഒരുക്കിയിട്ടുണ്ട്.