ADVERTISEMENT

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പരുക്കേറ്റവർ തുടർചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിൽ. പരുക്കേറ്റവരിൽ തുടർചികിത്സയ്ക്ക് അർഹരായവർ 136 പേരുണ്ടെന്നാണു ഔദ്യോഗിക കണക്ക്. ഇവരിൽ 30 പേർക്കാണു ഇതുവരെ ധനസഹായം ലഭിച്ചത്. ബാക്കിയുള്ളവർക്ക് ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെയായിട്ടും തീരുമാനമായില്ല. ബാക്കിയുള്ളവർക്ക് ധനസഹായം അനുവദിക്കുന്നത് മെഡിക്കൽ ബോർഡിന്റെ പരിഗണനയിലാണെന്നും ചികിത്സാ രേഖകളെല്ലാം പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവുകയുള്ളുവെന്നുമാണ് ബന്ധപ്പെട്ട അധികൃതരുടെ നിലപാടെന്നു ദുരന്തബാധിതർ പറയുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധന പൂർത്തിയാകാൻ ആഴ്ചകൾ വേണ്ടി വന്നേക്കും.

അതുവരെ ചികിത്സയ്ക്ക് എന്തു ചെയ്യണമെന്നറിയാതെ കഴിയുകയാണു ദുരന്തബാധിതർ. ദുരന്തത്തിൽ പരുക്കേറ്റവർക്കു പുറമേ വൃക്ക രോഗികളും കിടപ്പുരോഗികളും മറ്റു അസുഖങ്ങളുള്ളവരും ഇക്കൂട്ടത്തിലുണ്ട്.  ഉരുൾപൊട്ടലിൽ സർവതും നഷ്ടമായി വാടക വീടുകളിൽ കഴിയുന്നവരാണ് ഇവരെല്ലാം. ഒരുദിവസത്തെ മരുന്നു വാങ്ങാൻ പോലും പ്രതിസന്ധി നേരിടുന്നവരാണു ഇവരിൽ ഭൂരിഭാഗവും. സുമനസ്സുകളുടെ കാരുണ്യത്തിലാണു ചികിത്സ മുന്നോട്ടു പോകുന്നത്. ഇങ്ങനെ എത്രനാൾ കഴിയേണ്ടി വരുമെന്നതിനെ കുറിച്ച് ആശങ്കയിലാണെന്നും തുടർചികിത്സയ്ക്ക് ധനസഹായം അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും ദുരന്തബാധിതർ ആവശ്യപ്പെട്ടു.

ജനശബ്ദം ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭത്തിന്
‍കൽപറ്റ ∙ പുനരധിവാസം വേഗത്തിലാക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്‌ഷൻ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി 26ന് രാവിലെ 10ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ചെയർമാൻ നസീർ ആലയ്ക്കൽ, കൺവീനർ ഷാജിമോൻ ചൂരൽമല എന്നിവർ അറിയിച്ചു. ദുരന്തമുണ്ടായി മാസങ്ങൾ പിന്നിട്ടിട്ടും പുനരധിവാസ നടപടികൾ എങ്ങുമെത്തിയിട്ടില്ല.  സർക്കാരിന്റെ പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ സ്വന്തം നിലയിൽ പുനരധിവാസം ഒരുക്കാൻ ദുരന്തബാധിതർക്ക് അവസരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇതിനായി ദുരന്തബാധിതർക്ക് 75 ലക്ഷം രൂപ വീതം അനുവദിക്കണം. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണം. ദുരന്തത്തിൽ കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ പലർക്കും ധനസഹായം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലും അടിയന്തരമായി പരിഹാരം കാണണം.  ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു ഒറ്റപ്പെട്ടു പോയവർക്കു സർക്കാർ ജോലി നൽകണം. പരുക്കേറ്റവർക്കു തുടർ ചികിത്സയ്ക്ക് ധനസഹായം അനുവദിക്കണം. ദുരന്തത്തിൽ ഭൂമി നഷ്ടപ്പെട്ടവർക്കു പകരം കൃഷിഭൂമി നൽകണം. പ്രദേശത്തെ കെട്ടിട ഉടമകൾക്ക് സഹായം ലഭ്യമാക്കണം. പുനരധിവാസ കരട് പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ പൊതുഗ്രാമസഭ വിളിച്ചു ചേർക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

English Summary:

wayanad landslide victims desperately need continued medical care. The Janasabdam Action Committee is protesting the government's slow response to provide financial assistance and rehabilitation to the 136 injured survivors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com