ബുള്ളറ്റ് കാട്ടാനയെ ചെരങ്കോടിന് സമീപം വനത്തിൽ കണ്ടെത്തി
Mail This Article
പന്തല്ലൂർ ∙നാട്ടുകാരെ ദുരിതത്തിലാക്കിയ ബുള്ളറ്റ് കാട്ടാനയെ വനംവകുപ്പ് ചെരങ്കോടിനു സമീപത്തുള്ള വനത്തിൽ കണ്ടെത്തി. കാട്ടാനയിറങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 2 താപ്പാനകളെ നിർത്തിയതിനാൽ ബുള്ളറ്റ് കാട്ടാന വനത്തിൽ നിന്നു പുറത്തിറങ്ങിയിട്ടില്ല. കാട്ടാന ഇറങ്ങി ശല്യം ചെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താപ്പാനകളുടെ പിണ്ടവും മുളകുപൊടിയും ചേർത്ത മിശ്രിതം തുണിയിൽ പുരട്ടി വീടുകൾക്ക് സമീപത്ത് കെട്ടിവച്ചിട്ടുണ്ട്. ഉണങ്ങിയ ആനപ്പിണ്ടം പ്രദേശങ്ങളിൽ കത്തിച്ചു പുകയിടുന്നുമുണ്ട്. കാട്ടാന നാട്ടിലേക്ക് വരാതിരിക്കാൻ ഇതു സഹായിക്കുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
72 ജീവനക്കാരെ കാട്ടാനയെ നിരീക്ഷിക്കുന്നതിനും തുരത്തുന്നതിനും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കാട്ടാനയെ വനത്തിലേക്കു തുരത്തുന്ന നടപടികൾ മാത്രമാണു വനം വകുപ്പ് ഇപ്പോൾ നടത്തുന്നത്. ശല്യം ചെയ്യുന്ന കാട്ടാനയെ പിടികൂടി മറ്റിടത്തേക്കു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് മൊബൈൽ ഫോൺ നെറ്റ്‌വർക് ലഭിക്കാത്തതിനെ തുടർന്ന് വോക്കിടോക്കികളാണു വനംവകുപ്പിന്റെ ആശ്രയം. ഇന്നലെ വനത്തിന് പുറത്ത് റോഡിലേക്ക് ഇറങ്ങിയ കാട്ടാനയെ വനപാലകർ വനത്തിലേക്ക് തുരത്തി.കാട്ടാനയെ ഭയന്നാണ് നാട്ടുകാർ ജീവിക്കുന്നത്. ഏത് സമയത്തും ബുള്ളറ്റ് കാട്ടാന വീടുകൾ തകർക്കും. വനത്തിനു പുറത്ത് വനപാലകർ രാത്രിയും പകലും കാവൽ നിൽക്കുന്നുണ്ട്. ഇത് എത്ര നാൾ തുടരാൻ കഴിയുമെന്നാണു നാട്ടുകാർ ചോദിക്കുന്നത്. കാട്ടാന നാട്ടിലിറങ്ങാതെ ശാശ്വത പരിഹാര സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.