തെരുവുനായ് ശല്യം: പുൽപള്ളിയിൽ ഭയന്ന് വിറച്ച് ജനം കണ്ണടച്ച് അധികൃതർ
Mail This Article
പുൽപള്ളി ∙അങ്ങാടികളിലും നാട്ടിൻപുറങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സർക്കാർ സംവിധാനങ്ങൾ. ദിവസേനയെന്നോണമുള്ള പരാതികളോടു പ്രതികരിക്കാൻ പോലും ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ല.നാട്ടിലെ സകല അങ്ങാടികളിലും തെരുവു നായ്ക്കളെ ഭയന്ന് ആളുകൾക്ക് യാത്രചെയ്യാനാകാത്ത അവസ്ഥ.കടവരാന്തകളിൽ കൂട്ടമായി കിടന്നുറങ്ങുന്ന നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചാൽ സംഘമായി പാഞ്ഞടുക്കുമെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞദിവസം നായ്ക്കൾ കടിപിടികൂടി ഓടിക്കയറിയത് ടൗണിലെ ഒരു കടയ്ക്കുള്ളിലേക്കാണ്.പ്രധാന റോഡരികിലും ഇവ കൂട്ടമായിതങ്ങുന്നു. വാഹനം അടുത്തെത്തിയാലും നായ്ക്കൾക്കു ഭയമില്ല. ഇരുട്ടുവീണാൽ പിന്നെ ടൗൺ പരിസരത്തുകൂടി നടന്നു പോകാനാകില്ല. താഴെയങ്ങാടി, പൊലീസ് സ്റ്റേഷൻ, പഴയ ആശുപത്രി പരിസരം എന്നിവിടങ്ങളിലെല്ലാം പത്തും ഇരുപതും നായ്ക്കളെ കാണാനാവും.
ആശുപത്രി താഴെയങ്ങാടിയിലേക്കു മാറ്റിയതോടെ പഴയ ആശുപത്രിയുടെ മുറ്റവും ഇടനാഴികളും നായ്ക്കളുടെ താവളമായി. രാത്രി ആരെങ്കിലും ഇതുവഴി വന്നാൽ കഷ്ടകാലംതന്നെ.താഴെയങ്ങാടി മുതൽ സാമൂഹികാരോഗ്യകേന്ദ്രം വരെയുളള ഭാഗത്ത് തെരുവു വിളക്കുകളൊന്നും കത്തുന്നില്ല. ആശുപത്രിയിൽ കഴിയുന്നവരും കൂട്ടിരുപ്പുകാരും ഭക്ഷണമോ അത്യാവശ്യ സാധനങ്ങളോ വാങ്ങാൻ താഴെയങ്ങാടിയിലെത്തണം. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഇതുവഴിയുള്ള യാത്ര. ഈ റൂട്ടിലാണ് മദ്യവിൽപനകേന്ദ്രവും. അവിടെയെത്തുന്നവരും ഇരുട്ടിൽ തപ്പിത്തടയുന്നു. ബെവ്കോയിലെത്തുന്ന വാഹനങ്ങൾ റോഡിനിരുഭാഗത്തും പാർക്കുചെയ്യുന്നതും നാട്ടുകാരെ വലയ്ക്കുന്നു. പാതയോരങ്ങളിൽ ആളുകൾ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിനാൽ ഇവിടവും നായ്ക്കളുടെ താവളമായി.
ടൗണിനു പുറമേ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ഗ്രാമപ്രദേശങ്ങളിലും നായ്ക്കളുടെ ശല്യംരൂക്ഷമാണ്. കഴിഞ്ഞദിവസം ശശിമലയിൽ തെരുവുനായ് ആളുകളെയും വളർത്തുനായ്ക്കളെയും കടിച്ചു. നാട്ടിലെ മിക്ക ഉന്നതികളിലും നായ്ക്കൂട്ടങ്ങളുടെ ബഹളമാണ്.ഉന്നതി പരിസരങ്ങളിൽ പെറ്റുപെരുകുന്ന അടുത്ത തലമുറയും നാട്ടിലിറങ്ങാൻ തയാറെടുക്കുന്നു. നായ്ക്കളുടെ പെരുപ്പം തടയാൻ പല പദ്ധതികളും സർക്കാർ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നടപ്പാകുന്നില്ലെന്നാണു പരാതി. ഇക്കാര്യത്തിലുള്ള അമാന്തം അധികൃതർ അവസാനിപ്പിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.