ഉരുൾപൊട്ടൽ: മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; പ്രതീക്ഷയേകി ഹൈക്കോടതി വിധി
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ ടൗൺഷിപ് നിർമാണത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന ഹൈക്കോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ചു ദുരന്തബാധിതർ. ദുരന്തമുണ്ടായി 5 മാസമായിട്ടും ഭൂമിയേറ്റെടുക്കുന്നത് നീണ്ടുപോകുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ടൗൺഷിപ് നിർമാണത്തിനായി എച്ച്എംഎൽ കമ്പനിയുടെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇൗ ഭൂമി അനുയോജ്യമാണെന്നു ജോൺ മത്തായി സമിതിയും റിപ്പോർട്ട് നൽകിയിരുന്നു.
സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനും മോഡൽ ടൗൺഷിപ്പുകൾ നിർമിക്കുന്നതിനും കഴിഞ്ഞ ഒക്ടോബർ 10ന് സർക്കാർ ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർവേയും വിദഗ്ധ പരിശോധനയും അടക്കമുള്ള ആദ്യഘട്ട നടപടികളും ടൗൺഷിപ്പിനായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്ന നടപടിയും തുടങ്ങി. ഇതിനിടെയാണു എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
ഉടമകളുടെ ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് ഒരാഴ്‌ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. അതുവരെ ഏറ്റെടുക്കൽ നടപടികൾ ഉണ്ടാവില്ലെന്ന് സർക്കാർ മറുപടിയും നൽകി. കഴിഞ്ഞ ഒക്ടോബർ 17ന്, എൽസ്റ്റൺ എസ്റ്റേറ്റിലെ മുഴുവൻ ഭൂമിയിലും സർക്കാരിന്റെ അവകാശവാദം ഉന്നയിച്ച് കലക്ടർ ഡി.ആർ.മേഘശ്രീ ബത്തേരി കോടതിയെയും സമീപിച്ചു. ഭൂപരിഷ്കരണ നിയമ പ്രകാരമുള്ള വാദങ്ങൾ ഉന്നയിച്ചായിരുന്നു കലക്ടറുടെ നടപടി. ഇതോടെയാണു ഭൂമിയേറ്റെടുക്കൽ നിയമക്കുരുക്കിൽ കുടുങ്ങിയത്.
2013 ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലുണ്ട്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിനു മുൻപ് തന്നെ നഷ്ടപരിഹാരം കൊടുത്തു തീർക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ ഇനിയും കോടതി കയറാനുള്ള സാധ്യതയുണ്ട്. ഏറ്റെടുക്കാനിരിക്കുന്ന ഹാരിസൺ ഭൂമിയും കൽപറ്റ എൽസ്റ്റൺ ഭൂമിയും സർക്കാരിന് അവകാശപ്പെട്ടതാണെന്നും ഇതു വില കൊടുത്തു വാങ്ങുന്നത് ശരിയല്ലെന്നും കാണിച്ച് ചില സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.
ഇൗ എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും കോടതിയിൽ ഹർജികൾ നിലനിൽക്കുന്നുണ്ട്. ജില്ലയിൽ ഹാരിസൺ കമ്പനിയുടെ അനധികൃത കൈവശത്തിലുള്ളതെന്ന് കണ്ടെത്തിയ 20,000 ഏക്കർ ഭൂമിയുടെ ഭാഗമാണ് നെടുമ്പാല എസ്റ്റേറ്റെന്നും എൽസ്റ്റൺ എസ്റ്റേറ്റിന്റെ അനധികൃത കൈവശത്തിലുള്ള 630 ഏക്കറിന്റെ ഭാഗമാണ്, കൽപറ്റ ബൈപാസിനോടു ചേർന്ന സ്ഥലമെന്നും പരിസ്ഥിതി സംഘടനകൾ വാദിക്കുന്നു. എസ്റ്റേറ്റ് ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാമെങ്കിലും സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നത് ദുരന്തബാധിത കുടുംബങ്ങൾക്ക് ഭാവിയിൽ പ്രയാസത്തിനു കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: കോടതി വിധി സ്വാഗതാർഹമെന്ന് സിപിഎം
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനു കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന കോടതി വിധി സ്വാഗതാർഹമെന്നു സിപിഎം ജില്ലാ കമ്മിറ്റി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി സ്പെഷൽ ഓഫിസറെ സർക്കാർ നിയമിച്ചതും സ്വാഗതാർഹമാണ്. പുനരധിവാസ നടപടികൾ പുരോഗമിക്കുമ്പോഴാണ് എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഹാരിസണിന്റെ നെടുമ്പാല എസ്റ്റേറ്റിലും കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലും ദുരന്ത നിവാരണ പ്രകാരം ഭൂമി ഏറ്റെടുക്കാനാണു ഹൈക്കോടതി അനുമതി നൽകിയത്.
രണ്ടിടത്തായി ടൗൺഷിപ് നിർമിച്ചു ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുകയാണു സർക്കാർ ലക്ഷ്യം. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി സർക്കാർ തീരുമാനങ്ങൾക്ക് ഇപ്പോൾ കോടതിയും അംഗീകാരം നൽകി. കേസ് നിലനിൽക്കുമ്പോഴും ഭൂമി ഏറ്റെടുക്കാനും മാതൃകാ ടൗൺഷിപ്പിനു രൂപരേഖ ഒരുക്കാനും സർക്കാർ നടത്തിയ ഒരുക്കങ്ങൾ മാതൃകാപരമായി. പുനരധിവാസത്തിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്താനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണു കോടതി വിധി. വീട് വാഗ്ദാനം ചെയ്തവരുമായി ജനുവരി 1നു മുഖ്യമന്ത്രി ചർച്ച നടത്തും. എത്രയും വേഗം പുനരധിവാസം പൂർത്തിയാക്കാനുള്ള നടപടികളാണു സർക്കാരിന്റേത്. ഇതിന് പൂർണ പിന്തുണ നൽകുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികൾ സർക്കാരിന് ഏറ്റെടുക്കാമെന്ന കോടതി വിധി സ്വാഗതം ചെയ്യുന്നതായി ആർജെഡി ജില്ലാ കമ്മിറ്റി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി സ്പെഷൽ ഓഫിസറെ നിയമിച്ചതും സ്വാഗതാർഹമാണ്. വേഗത്തിൽ പുനരധിവാസം പൂർത്തിയാക്കാനുള്ള നടപടികളാണ് സർക്കാരിന്റേതെന്നും ഇതിനു പൂർണ പിന്തുണ നൽകുമെന്നും യോഗം അറിയിച്ചു.