ADVERTISEMENT

ബത്തേരി∙ ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷിനും നാടിന്റെ അന്ത്യാഞ്ജലി. മൃതദേഹം പൊതു ദർശനത്തിന് വച്ച കൽപറ്റ ഡിസിസി ഓഫിസിലും ബത്തേരി നഗരസഭ ടൗൺ ഹാളിലും മണിച്ചിറയിലെ വസതിയിലും അന്ത്യോപചാരമർപ്പിക്കാൻ നൂറു കണക്കിനാളുകളെത്തി. എൻ.എം. വിജയൻ പഞ്ചായത്ത് അംഗമായും പ്രസിഡന്റായും വൈസ് പ്രസിഡന്റായും നഗരസഭാ കൗൺസിലറായും വർഷങ്ങളോളം പ്രവർത്തിച്ച ബത്തേരിയിലെ ഓഫിസ് മുറ്റത്ത് ഭൗതികദേഹം എത്തിക്കുമ്പോൾ ഒപ്പം പ്രവർത്തിച്ചവരും പാർട്ടി നേതാക്കളും നാട്ടുകാരും ഉദ്യോഗസ്ഥരുമെല്ലാം വിങ്ങുന്ന ഹൃദയവുമായി കാത്തു നിന്നു.

ഇന്നലെ വൈകിട്ട് 5നാണ് ബത്തേരി ടൗൺഹാളിൽ പൊതു ദർശനത്തിന് വച്ചത്. തുടർന്ന് വൈകിട്ട് ആറോടെ വസതിയിലെത്തിച്ചു. അവിടെ മണിച്ചിറ ഗ്രാമമൊന്നാകെ കാത്തു നിൽപ്പുണ്ടായിരുന്നു. ചടങ്ങുകൾക്കു ശേഷം ഏഴരയോടെ മൃതദേഹങ്ങൾ സംസ്കരിച്ചു. മന്ത്രി ഒ.ആർ.കേളു, കെ.മുരളീധരൻ എംപി, ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ടി.സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, നഗരസഭ അധ്യക്ഷൻ ടി.കെ. രമേഷ്, മറ്റു ജനപ്രതിനിധികൾ, വിവിധ പാർട്ടികളുടെ ജില്ലാ, പ്രാദേശിക നേതാക്കൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങി അന്ത്യോപചാരമർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി.

വീണ്ടും വിവാദമായി സഹകരണ നിയമനക്കോഴ
ബത്തേരി∙ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ അസ്വഭാവിക മരണം, വർഷങ്ങൾക്കു മുൻപുണ്ടായ നിയമനക്കോഴ വിവാദം വീണ്ടും പൊതു സമൂഹത്തിലുയർത്തുന്നു. വിജയന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സിപിഎം ഇന്നലെ രംഗത്തെത്തി. ബത്തേരി സഹകരണ അർബൻ ബാങ്ക് നിയമനത്തിനായി 25 മുതൽ 40 ലക്ഷം വരെ ചില നേതാക്കൾ പലരിൽ നിന്നായി വാങ്ങിയെടുത്തെന്നാണ് അന്നും ഇന്നും ഉയർന്ന ആരോപണം. എന്നാൽ പരാതിക്കാർ അന്ന് രംഗത്ത് സജീവമാകാതിരുന്നതോടെ ആരോപണങ്ങൾക്ക് മൂർച്ച കുറയുകയായിരുന്നു. അതേ സമയം പാർട്ടിക്കുള്ളിൽ വലിയ വിവാദമായതോടെ കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങിയെടുത്തിരുന്നു. ഒന്നു രണ്ടു പേർക്ക് സസ്പെൻഷൻ ലഭിച്ചതൊഴിച്ചാൽ തുടർ നടപടികളൊന്നുമുണ്ടായില്ല.

പണം നഷ്ടമായവർ പരാതി പരസ്യമായി പറഞ്ഞില്ലെങ്കിലും ചിലർ കേസുമായി ഇപ്പോഴും കോടതിയിലുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന ആരോപണം പലർക്കെതിരെയുമുണ്ടെങ്കിലും അതിൽ എൻ.എം.വിജയൻ കരുവാക്കപ്പെട്ടെന്നാണ് നിഗമനം. നിയമനക്കോഴയുമായി ബന്ധപ്പെട്ട് എൻ.എം. വിജയൻ കെപിസിസിക്ക് അയച്ചതെന്നു പറയുന്ന കത്തും പ്രാദേശിക നേതാവ് നേതൃത്വത്തിനയച്ച കത്തും ഇന്നലെ മുതൽ പ്രചരിപ്പിക്കപ്പെടുന്നു. ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം ഇടപാട് നടത്തിയെന്ന കത്തും ഇന്നലെ പുറത്തു വന്നു.

എംഎൽഎയുടെ പേര്പറഞ്ഞ് കരാർ ഉടമ്പടി
ബത്തേരി∙ എംഎൽഎ ഒപ്പിടാതെ എംഎൽഎയുടെ പേര് മുദ്രപ്പത്രത്തിൽ ചേർത്ത് കരാർ ഉടമ്പടി. എൻ.എം. വിജയന്റെ മരണത്തെ തുടർന്നുണ്ടായ ആരോപണങ്ങളിലും വിവാദങ്ങളിലും ഇത്തരത്തിലൊരു കത്തു കൂടി ഇന്നലെ പുറത്തു വന്നു. 2019 ഒക്ടോബർ 9ന് എഴുതിയെന്ന് പറയുന്ന കത്താണിത്. റിട്ട. അധ്യാപകൻ പീറ്റർ ഒന്നാം കക്ഷിയായും ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയൻ രണ്ടാം കക്ഷിയായും എഴുതിയ ഉടമ്പടിയാണിത്.

ഒന്നാം കക്ഷിയുടെ മകന് പൂതാടി സഹകരണ ബാങ്കിലോ ബത്തേരി ബാങ്കിലോ എവിടെയാണോ ഒഴിവു വരുന്നത് അവിടെ ജോലി നൽകാമെന്നും അതിനായി ഐ.സി. ബാലകൃഷ്ണന്റെ നിർദേശ പ്രകാരം എൻ.എം. വിജയന് 30 ലക്ഷം നൽകുന്നുവെന്നും പണം എംഎൽഎ വാങ്ങിയതിനാൽ ജോലി നൽകാൻ കഴിയാതെ വന്നാൽ 7 ശതമാനം പലിശയടക്കം തിരികെ നൽകണമെന്നുമാണ് കരാർ. രഹസ്യ കരാർ ആയതിനാൽ സാക്ഷികൾ ഒപ്പിടുന്നില്ലെന്നും പറയുന്നു.പീറ്ററും എൻ.എം. വിജയനും മാത്രമാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്.ഐ.സി. ബാലകൃഷ്ണന്റെ ഓപ്പോ, സീലോ മറ്റെന്തെങ്കിലും ഉറപ്പുകളോ ഇതിലില്ല.

പരാതി നൽകുമെന്ന് എംഎൽഎ
ബത്തേരി∙ തന്റെ ഒപ്പോ സീലോ ഇല്ലാതെ തന്റെ പേര് എഴുതിച്ചേർത്ത് ഉണ്ടാക്കിയ ഉടമ്പടി വ്യാജമാണെന്നും കെപിസിസി ഇത് നേരത്തെ പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും ഇപ്പോൾ വീണ്ടും തനിക്കെതിരെ കള്ളക്കഥകളുണ്ടാക്കുന്നതിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.

അന്വേഷണം വേണം: സിപിഎം
ബത്തേരി∙ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബത്തേരി സഹകരണ അർബൻ ബാങ്കിൽ കോഴ നിയമനം നടത്തി കോടികൾ തട്ടിയെടുത്തവർ എ‍ൻ.എം വിജയനെ കരുവാക്കുകയായിരുന്നു. നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് നേതാക്കൾ കോടികൾ കൈപറ്റിയെങ്കിലും സഹകരണ വകുപ്പിന്റെ കർശന ഇടപെടലിൽ നിയമനം നടത്താൻ കഴിഞ്ഞില്ല.ഇതോടെ പണം നൽകിയവർ പലരും തിരികെ ആവശ്യപ്പെട്ടു.എന്നാൽ അതും നൽകാൻ കഴിഞ്ഞില്ല. സംഭവത്തിൽ എൻ.എം. വിജയനെ ബലിയാടാക്കുകയാണ് ഉണ്ടായത്.ഏരിയ കമ്മിറ്റി യോഗത്തിൽ പി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, കെ.വൈ. നിധിൻ, കെ.സി. യോഹന്നാൻ തുടങ്ങിയവർ പ്രസംഗിച്ചു.

അന്വേഷണം ആവശ്യപ്പെടും: എൻ.ഡി.അപ്പച്ചൻ
ബത്തേരി∙  എൻ.എം. വിജയന്റെ മരണത്തിൽ പാർട്ടിതല അന്വേഷണം നടത്തണമെന്ന് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ദുരൂഹതയോ ഇടപെടലുകളോ ഉണ്ടെങ്കിൽ പൊലീസും അന്വേഷിച്ച് കണ്ടെത്തണം.അർബൻ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ ഉയർന്നതും കെപിസിസി അന്നത് അന്വേഷിച്ച് അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയതുമാണ് – എൻ.ഡി.അപ്പച്ചൻ പറഞ്ഞു.

നാളെ സിപിഎം മാർച്ച്
ബത്തേരി∙ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ മാർച്ചു നടത്തുമെന്ന് ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ് അറിയിച്ചു. എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.

English Summary:

N.M. Vijayan's death reignites a controversy surrounding a cooperative appointment scam in Batheli. Allegations of foul play, a suspicious contract, and political maneuvering fuel demands for a thorough investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com