കരുതലും കൈത്താങ്ങും അദാലത്ത്; ലഭിച്ചത് 317 പരാതികൾ
Mail This Article
കൽപറ്റ ∙ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ വൈത്തിരി താലൂക്ക് തല 'കരുതലും കൈത്താങ്ങും' അദാലത്തിൽ ലഭിച്ചത് 317 പരാതികൾ. 201 പരാതികളാണ് ഓൺലൈനായി മുൻകൂട്ടി ലഭിച്ചത്. 116 പരാതികൾ അദാലത്ത് വേദിയിൽ നേരിട്ടും ലഭിച്ചു. മുൻകൂട്ടി ലഭിച്ച പരാതികളിൽ 40 പരാതികൾ പരിഗണനയ്ക്കു പുറത്തുള്ള വിഷയമായതിനാൽ നിരസിച്ചു. ബാക്കിയുള്ള 171 പരാതികൾ തീർപ്പാക്കിയതു ഉൾപ്പെടെയുള്ളതിന്റെ മറുപടികൾ പരാതിക്കാർക്ക് ലഭ്യമാക്കി.
മന്ത്രിമാരുമായി നേരിട്ട് കണ്ട് പരിഹാരം കാണുന്നതിനായി 86 പരാതികളാണ് പരിഗണിച്ചത്. ഇവർക്കെല്ലാം മന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്ത് വൈകിട്ട് വരെ നീണ്ടു. കലക്ടർ ഡി.ആർ.മേഘശ്രീ, എഡിഎം കെ. ദേവകി, സബ് കലക്ടർ മിസാൽ സാഗർ ഭരത് എന്നിവരും തങ്ങളാൽ പരിഹരിക്കാൻ കഴിയുന്ന പരാതികളിൽ തീർപ്പാക്കി.
തുടർനടപടികൾക്കും അന്വേഷണങ്ങൾക്കുമായി പരിഗണിക്കേണ്ട പരാതികളിൽ നടപടി സ്വീകരിക്കാൻ മന്ത്രിമാർ വകുപ്പ് മേധാവികൾക്ക് തത്സമയം നിർദേശം നൽകി.ജനുവരി 3ന് ബത്തേരിയിലും 4ന് മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. കലക്ടർ ഡി.ആർ.മേഘശ്രീ, എഡിഎം കെ.ദേവകി, കെ.വിജയാനന്ദ്, സബ് കലക്ടർ മിസൽ സാഗർ ഭരത്, വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ തുടങ്ങിയവർ പ്രസംഗിച്ചു.