വന്യജീവി ആക്രമണം: വെള്ളാരംകുന്നിൽ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു
Mail This Article
കൽപറ്റ∙ വന്യജീവി ആക്രമണത്തെ തുടർന്ന് വെള്ളാരംകുന്നിൽ നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. ഡിഎഫ്ഒ സ്ഥലത്തെത്തി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഉപരോധം അവസാനിപ്പിച്ചത്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകും, കടുവയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കും തുടങ്ങിയ വിഷയങ്ങളിൽ വനംവകുപ്പ് ഉറപ്പ് നൽകി. പുളിയാക്കുന്ന് സതീഷിന്റെ പശുവിനെയാണ് കടുവ കൊന്നത്. പശുവിന്റെ ജഡവുമായാണ് റോഡ് ഉപരോധിച്ചത്.
റോഡ് ഉപരോധത്തെ തുടർന്ന് ദേശീയപാതയിൽ കൽപറ്റയ്ക്കും ചുണ്ടേലിനും ഇടയിൽ ഗതാഗത തടസ്സമുണ്ടായി. ദേശീയപാത 766ൽ അരമണിക്കൂറിലേറെ നേരം ഇരുഭാഗത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വെള്ളാരംകുന്ന്, പെരുന്തട്ട എന്നിവിടങ്ങളിൽ പുലി, കടുവ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. നിരവധി വളർത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി പശുവിനെ കൊന്നതോടെയാണ് നാട്ടുകാർ റോഡ് ഉപരോധവുമായി രംഗത്തെത്തിയത്.