തരിയോട് എച്ച്എസ് – പത്താംമൈൽ റോഡ്; വാക്കിനൊരു തരി വിലയില്ല!
Mail This Article
കാവുംമന്ദം ∙ വാഗ്ദാനങ്ങൾ പാഴ്‌വാക്കായി തുടരുന്നതോടെ തരിയോട് എച്ച്എസ്–പത്താംമൈൽ റോഡിൽ യാത്രാ ദുരിതവും അവസാനിക്കുന്നില്ല. ടി.സിദ്ദീഖ് എംഎൽഎ നവംബറിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത് അധികൃതരുടെ യോഗത്തിൽ അതേ മാസം അവസാന വാരം പ്രവൃത്തി പുനരാരംഭിക്കുമെന്ന് നൽകിയ ഉറപ്പ് ഒരു മാസം പിന്നിട്ടിട്ടും പാലിക്കാതെ പോവുകയാണ്.വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ യാത്രാ ദുരിതം രൂക്ഷമായതിനെ തുടർന്നാണ് എംഎൽഎ യോഗം വിളിച്ചത്.റോഡ് നന്നാക്കാൻ വർഷങ്ങൾക്കു മുൻപ് ഫണ്ട് അനുവദിക്കുകയും കരാർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ ഏറ്റെടുത്ത കരാറുകാർ പണി ഉപേക്ഷിച്ച് പോയി. പിന്നീട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പിടൽ കാരണവും പ്രവൃത്തി മുടങ്ങി.പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കരാറുകാരും പങ്കെടുത്ത യോഗത്തിലാണ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന ഉറപ്പു ലഭിച്ചത്. നാട്ടുകാർ റോഡ് ഉടൻ നന്നാക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. എന്നാൽ മുൻ കാലങ്ങളിലെ പോലെ ഇതും അസ്തമിച്ചു. റോഡിൽ അപകടകരമായ വിധത്തിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇവിടങ്ങളിൽ അപകട സാധ്യത ഏറി. ടൂറിസം സീസൺ ആരംഭിച്ചതോടെ ബാണാസുര ഡാം, കർലാട് ചിറ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങൾ വൻ തോതിൽ ഈ റൂട്ടിൽ എത്തുന്നുണ്ട്.
വാഹനങ്ങൾ അപകടത്തിൽ പെടുന്നതായും കേടു പാടുകൾ സംഭവിക്കുന്നതായും സഞ്ചാരികൾ പരാതി പറയുന്നു. വെയിൽ ശക്തമായതോടെ പൊടി ശല്യവും ഏറിയിട്ടുണ്ട്.പലയിടങ്ങളും റോഡെന്നു പറയാൻ ഒന്നും അവശേഷിക്കുന്നില്ല. ശുദ്ധജല വിതരണ പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിക്കാത്തതാണ് റോഡ് പണി മുടങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.പല തവണ ആവശ്യപ്പെട്ടിട്ടും പ്രവൃത്തി നടത്താത്തതിനാൽ കരാറുകാരനെ ചുമതലയിൽ നിന്ന് ഒഴിവാക്കി. നിലവിൽ റോഡ് പണി ഏറ്റെടുത്ത കരാറുകാരന് ശുദ്ധ ജല വിതരണ പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തിയും കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ദിവസങ്ങൾക്കകം തന്നെ പ്രവൃത്തി പുനരാരംഭിക്കുമെന്നും പൊതുമരാമത്ത് അധികൃതർ അറിയിച്ചു.